നൽകിയത് 2000 രൂപനോട്ട്; സ്കൂട്ടറിലടിച്ച പെട്രോൾ മുഴുവൻ ഊറ്റിയെടുത്ത് ജീവനക്കാരൻ-വീഡിയോ വൈറല്
|സംഭവത്തിന് ശേഷം വിശദീകരണവുമായി പെട്രോൾ പമ്പ് മാനേജർ രംഗത്തെത്തി
ലഖ്നൗ: ദിവസങ്ങൾക്ക് മുമ്പാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുതൽ കൈയിലുള്ള 2000 രൂപ നോട്ട് മാറിയെടുക്കാൻ ജനങ്ങൾക്ക് ബാങ്കുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നോട്ട് പിൻവലിച്ചതോടെ കൈയിലുള്ളവർ എങ്ങനെയെങ്കിലും ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും പണമായി തന്നെയാണ് മിക്കവരും ഇടപാടുകൾ നടത്തുന്നത്.
എന്നലിത് പലയിടത്തും പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കൈയിലുള്ള 2000 രൂപ പെട്രോൾ പമ്പിൽകൊടുത്തപ്പോൾ ഉടലെടുത്ത പ്രശ്നങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ ജലൗനിൽ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. ഇന്ധനം നിറച്ച ശേഷം യാത്രക്കാരൻ 2000 രൂപ നോട്ട് നൽകി. എന്നാൽ ഇത് സ്വീകരിക്കാൻ പെട്രോൾ പമ്പ് ജീവനക്കാരൻ വിസമ്മതിച്ചു.ഒടുവിൽ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ സ്കൂട്ടറിന്റെ ടാങ്കിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് ജീവനക്കാരൻ പെട്രോൾ മുഴുവൻ ഊറ്റിയെടുത്തു.
ജീവനക്കാരൻ ഇന്ധനം ഊറ്റിയെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിന് ശേഷം വിശദീകരണവുമായി പെട്രോൾ പമ്പ് മാനേജർ രാജീവ് ഗിർഹോത്ര രംഗത്തെത്തി. റിസർവ് ബാങ്കിന്റെ ഉത്തരവിന് ശേഷം പമ്പിൽ വരുന്നവിൽ ഭൂരിഭാഗവും 2000 രൂപ നോട്ടുകളാണ് തരുന്നത്.
'ആളുകൾ 1,950 രൂപക്ക് പെട്രോൾ അടിച്ച് 2,000 രൂപ തരും. നേരത്തെ ഞങ്ങൾക്ക് ദിവസവും മൂന്നോ നാലോ 2000 രൂപ നോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാലത് ഇന്ന് 70 നോട്ടുകളായി വർധിച്ചു. എന്നാൽ 2000 രൂപക്കോ അതിന് മുകളിലോ പെട്രോൾ അടിച്ച ശേഷം ആ പണം വാങ്ങുന്നതിന് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല.എന്നാൽ അതിൽ കുറവ് രൂപക്ക് പെട്രോൾ അടിച്ച് 2000 രൂപ തന്നാൽ സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്നും ഗിർഹോത്ര പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.