ഫോൺ ചോർത്തൽ; രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തെലങ്കാനയിൽ അറസ്റ്റിൽ
|കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു
ഹൈദരാബാദ്: ഫോൺ ചോർത്തിയതിനും ഔദ്യോഗിക വിവരങ്ങൾ നശിപ്പിച്ചതിനും രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കൂടി തെലങ്കാനയിൽ അറസ്റ്റിൽ.അഡീഷണൽ ഡിസിപി തിരുപത്തണ്ണ,അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ ഭുജംഗ റാവു എന്നിവരെ അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് പോലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.സ്‌പെഷ്യൽ ഇൻ്റലിജൻസ് ബ്യൂറോയിലും (എസ്ഐബി) ഇൻ്റലിജൻസ് ഡിപ്പാർട്ട്‌മെൻ്റിലും അഡീഷണൽ പോലീസ് സൂപ്രണ്ടുമാരായി പ്രവർത്തിച്ചിരുന്നവരായിരുന്നു ഇരുവരും.
മുൻ ബിആർഎസ് ഭരണകാലത്ത് വിവിധ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിൽ നിന്നുള്ള ഇൻ്റലിജൻസ് വിവരങ്ങൾ നശിപ്പിച്ചതിനും ഫോൺ ചോർത്തിയതിനുമാണ് ഇരുവരും അറസ്റ്റിലായത്. ഫോൺ ചോർത്തലടക്കമുള്ള കേസിൽ ഹൈദരാബാദ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത എസ്.ഐ.ബി പൊലീസ് ഉദ്യോഗസ്ഥനായ ഡി.പ്രണീത് റാവുവിനെ സഹായിച്ച കേസിലാണ് നടപടി.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു. ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യൽ,നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികളെ നിരീക്ഷിക്കൽ തെളിവുകൾ ഇല്ലാതാക്കാൻ പൊതുമുതൽ നശിപ്പിക്കൽ എന്നി കുറ്റകത്യങ്ങൾ കണ്ടെത്തി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
മാർച്ച് 13 നാണ് ചില കമ്പ്യൂട്ടർ സംവിധാനങ്ങളും ഔദ്യോഗിക ഡാറ്റയും നശിപ്പിച്ചതിന് പ്രണീത് റാവുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റുകൾ ഉണ്ടായത്. മുൻ ബി.ആർ.എസ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഡി.എസ്പി ആയിരുന്ന അദ്ദേഹം പിന്നീട് ഡിജിപി ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു.പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോൺ ചോർത്തിയ സംഭവത്തിൽ നേരത്തെ ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.