കുടുംബാംഗങ്ങളുടെയുൾപ്പെടെ ഫോണുകൾ ചോർത്തി: ആരോപണവുമായി കുമാരസ്വാമി
|ആരോപണം തള്ളി ഡി കെ ശിവകുമാർ
ബെംഗളൂരു: തൻറെയും കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ഉൾപ്പെടെ 40 ഫോണുകൾ ചോർത്തിയെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.
തന്റെ അനന്തരവനും ഹസൻ മണ്ഡലത്തിലെ എംപിയുമായ പ്രജ്വൽ രേവണ്ണയോട് രാജ്യത്തേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ടതിനുശേഷവും സർക്കാർ തനിക്കും കുടുംബത്തിനും മേൽ ചാരവൃത്തി നടത്തുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.
ഫോണിൽ എന്ത് ചർച്ചകൾ നടന്നാലും നിരീക്ഷണത്തിലാണെന്നും എച്ച് ഡി രേവണ്ണയുടെ ഫോണും ചോർത്തുന്നുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ജാമ്യത്തിലിറങ്ങിയ രേവണ്ണ കുമാരസ്വാമിയുടെ സഹോദരനാണ്.
അതേസമയം കുമാരസ്വാമിയുടെ ആരോപണത്തെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വരയും തള്ളി. ജനപ്രീതി നേടാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെതെന്നും ഇരുവരും ആരോപിച്ചു.
ഹസൻ മണ്ഡലത്തിൽ നിന്ന് ഇത്തവണയും ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന പ്രജ്വൽ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.