കർണാടകയില്‍ സർക്കാരിനെ വീഴ്ത്താനും പെഗാസസ് വഴി ഫോണ്‍ ചോർത്തി
|ഫോൺ ചോ൪ത്തൽ വിവാദത്തിൽ ചാര സോഫ്റ്റ്‍വെയര്‍ നി൪മിച്ച പെഗാസസ് തന്നെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്
2019ൽ കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ പെഗാസസ് ഉപയോഗിച്ചതായി സംശയം. മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വര, സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരുടെ ഫോണ്‍ കോളുകൾ ചോർത്തിയതായാണ് വിവരം.
2019ൽ ജെഡിഎസ്-കോൺഗ്രസ് സ൪ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ഓപ്പറേഷൻ താമര പ്രഖ്യാപിച്ചത്. ഇതേ സമയത്ത് ജെഡിഎസ്-കോൺഗ്രസ് സ൪ക്കാരിന് ചുക്കാൻ പിടിച്ചവരുടെ ആശയവിനിമയം മനസിലാക്കാൻ ഫോൺ ചോ൪ത്തിയെന്നാണ് സൂചന. സ൪ക്കാരിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെയും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെയും പേഴ്സണൽ സെക്രട്ടറിമാരുടെ ഫോണുകളാണ് ചോ൪ത്തലിന് വിധേയമായെന്ന് സംശയിക്കുന്നത്. ഒപ്പം അന്നത്തെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ ഫോണും ചോ൪ത്തലിന് വിധേയമായ പട്ടികയിലുണ്ടെന്നാണ് വിവരം. പ്രതിപക്ഷത്തെ പ്രമുഖനായ രാഹുൽ ഗാന്ധിയുടെയും അടുപ്പക്കാരുടെയും ഫോണുകൾ ചോ൪ത്തിയിട്ടുണ്ടാകാമെന്ന് വാ൪ത്തക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
ഫോൺചോ൪ത്തൽ വിവാദത്തിൽ ചാര സോഫ്റ്റ്‍വെയര്‍ നി൪മിച്ച പെഗാസസ് തന്നെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരുപയോഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടാകും. നേരത്തെ സോഫ്റ്റ്‍വെയര്‍ ദുരുപയോഗം ചെയ്ത അഞ്ച് ഉപഭോക്താക്കളുമായുള്ള ഇടപാട് കമ്പനി അവസാനിപ്പിച്ചിട്ടുണ്ടെന്നും എൻഎസ്ഒ ഗ്രൂപ്പ് വ്യക്തമാക്കി. ഫ്രാൻസിലെ വാ൪ത്ത വെബ്സൈറ്റായ മീഡിയട്രാപും അതിലെ രണ്ട് മാധ്യമപ്രവ൪ത്തകരും നൽകിയ പരാതിയിൽ ഫ്രാൻസ് പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോറോക്കോയുടെ രഹസ്യാന്വേഷണ വിഭാഗം ഫോൺ ചോർത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് ഫ്രാൻസിന്‍റെ അന്വേഷണം.