10 ലക്ഷത്തിന് ഒറ്റ മുറിയിൽ രണ്ട് ടോയ്ലറ്റ്! ഇത് 'സ്വച്ഛ് ഭാരത് യു.പി മോഡൽ'
|സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ 'ഇസ്സത് ഘർ' എന്നറിയിപ്പെടുന്ന ഈ ടോയ്ലറ്റ് കോംപ്ലക്സ് നിർമാണത്തിന് ചെലവഴിച്ചത് 10 ലക്ഷം രൂപയാണ്.
ബസ്തി: വിചിത്രമായ നിർമാണ രീതികൊണ്ട് വൈറലായി യു.പിയിലെ പബ്ലിക് ടോയ്ലറ്റ്. ഒറ്റ ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകൾ അടുത്തടുത്ത് സ്ഥാപിച്ചാണ് അധികൃതർ വ്യത്യസ്തമായ നിർമാണ രീതി പരീക്ഷിച്ചിരിക്കുന്നത്. യു.പിയിലെ ബസ്തി ജില്ലയിൽ ഗൗര ധുൻധ ഗ്രാമത്തിലെ ടോയ്ലറ്റ് കോംപ്ലക്സാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ 'ഇസ്സത് ഘർ' എന്നറിയിപ്പെടുന്ന ഈ ടോയ്ലറ്റ് കോംപ്ലക്സ് നിർമാണത്തിന് ചെലവഴിച്ചത് 10 ലക്ഷം രൂപയാണ്. ചിലയിടങ്ങളിൽ ടോയ്ലറ്റിന് വാതിലുകൾ സ്ഥാപിച്ചിട്ടുമില്ല.
നിർമാണത്തിലെ അപാകതകൾ അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. ചില ടോയ്ലറ്റുകൾക്ക് വാതിലുകളില്ലാത്തതും ചിലതിൽ ഇടച്ചുമരുകളില്ലാതെ അടുത്തടുത്ത് രണ്ട് ടോയ്ലറ്റുകൾ സ്ഥാപിച്ചതും എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ നമ്രത ശരൺ പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കുമെന്ന് നമ്രത പറഞ്ഞു. ഈ വീഴ്ചക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ പറഞ്ഞു.