അറസ്റ്റിൽ 'സെഞ്ചറിയടിച്ചു'; 'ആഘോഷമാക്കി' പോക്കറ്റടിക്കാരൻ
|മോഷ്ടിച്ച പണം കണ്ണൂരിൽ താമസിക്കുന്ന ഭാര്യക്കും കുട്ടികൾക്കും അയച്ചുകൊടുക്കാറാണ് പതിവ്
കോയമ്പത്തൂർ: 14 ാമത്തെ വയസിൽ പോക്കറ്റി തുടങ്ങിയതാണ് 'ബോണ്ട' അറുമുഖം എന്ന കോയമ്പത്തൂർ സ്വദേശി. തിരക്കുള്ള ബസിലും മറ്റും കയറി യാത്രക്കാരുടെ പണവും സ്വര്‍ണവുമടക്കം മോഷ്ടിക്കുകയാണ് സ്ഥിരം പരിപാടി. പോക്കറ്റടിക്കിടെ യാത്രക്കാർ അവനെ പിടിക്കാൻ ശ്രമിച്ചാൽ അറുമുഖം താനല്ല ചെയ്തതെന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞ് ബഹളം വെക്കും. ആളുകൾ ആശയക്കുഴപ്പത്തിലാകുമ്പോൾ ആ തക്കം നോക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യും. ഇതാണ് പതിവ്..
കഴിഞ്ഞ ദിവസം ബസിൽ യാത്രക്കാരുടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വീണ്ടും പൊലീസ് പിടിയിലായി. തന്റെ നൂറാമത്തെ അറസ്റ്റാണ് ഇതെന്നും താന്‍ നാഴികക്കല്ലാണ് സൃഷ്ടിച്ചതെന്നും അറമുഖം പൊലീസിനോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം കോയമ്പത്തൂർ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പൊലീസിന്റെ ക്രൈം ആൻഡ് റെക്കോർഡ്‌സ് പ്രകാരം 2010 മുതൽ കോയമ്പത്തൂരിൽ മാത്രം 72 പോക്കറ്റടി കേസുകളിൽ 55 കാരനായ അറുമുഖം ഉൾപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂർ നഗരത്തിലെ സെൽവപുരം സ്വദേശിയായ അറമുഖം പോക്കറ്റടിച്ച് കിട്ടുന്ന പണം കേരളത്തിലെ കണ്ണൂരിൽ താമസിക്കുന്ന ഭാര്യക്കും രണ്ടുകുട്ടികൾക്കും അയച്ചുകൊടുക്കുമെന്നും ബാക്കിയുള്ള പണം മദ്യം വാങ്ങാനും മസാജിങ്ങിനും ഉപയോഗിക്കുന്നതായും പൊലീസ് പറഞ്ഞു.
ബിഗ് ബസാർ സ്ട്രീറ്റ്-ഒപ്പനകര സ്ട്രീറ്റ് ക്രോസ്‌റോഡിലെ പ്രകാശം ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴാണ് സബ് ഇൻസ്പെക്ടർ മാരിമുത്തുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറുമുഖത്തെ അവസാനമായി പിടികൂടിയത്. 42 കാരനായ ബസ് യാത്രക്കാരനായ സാബിർ അഹമ്മദിന്റെ ഫോൺ മോഷ്ടിച്ചതിന്റെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്.