India
plea Seeking Registration Of Live In Relationships Filed In Supreme Court

സുപ്രിംകോടതി

India

ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണം: സുപ്രിംകോടതിയില്‍ ഹരജി

Web Desk
|
28 Feb 2023 11:40 AM GMT

ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലെ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഡല്‍ഹി: ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹരജി. ഇതിനായി ചട്ടങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിർദേശം നല്‍കണമെന്നാണ് ആവശ്യം. അഭിഭാഷക മമതാ റാണിയാണ് ഹരജി നൽകിയത്. ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലെ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഹരജിയിൽ ഇങ്ങനെ പറയുന്നു- "ബഹുമാനപ്പെട്ട കോടതി ലിവിങ് ടുഗെതര്‍ ബന്ധങ്ങളെ സംരക്ഷിച്ചുകൊണ്ട് നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലിവിങ് ടുഗെതറിലുള്ള സ്ത്രീയോ പുരുഷനോ അവര്‍ക്ക് ജനിക്കുന്ന കുട്ടികളോ ആവട്ടെ അവരെ സംരക്ഷിക്കുന്ന വിധികള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ബന്ധങ്ങള്‍ക്ക് നിയമങ്ങളും മാർഗനിർദേശങ്ങളും ഇല്ലാത്തതിനാൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. അതിനാല്‍ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം വേണം"- ശ്രദ്ധ വാക്കർ കേസ് ഉൾപ്പെടെ സ്ത്രീകള്‍ പങ്കാളികളാല്‍ കൊല്ലപ്പെട്ട സമീപകാല കേസുകള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്‌റ്റര്‍ ചെയ്താല്‍ വൈവാഹിക നില, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പങ്കാളികൾക്ക് പരസ്പരവും സര്‍ക്കാരിനും കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്ന് ഹരജിയില്‍ പറയുന്നു. ലിവിങ് ടുഗെതറുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപീകരിക്കാൻ മാത്രമല്ല, നമ്മുടെ രാജ്യത്ത് ഈ ബന്ധങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം കണ്ടെത്താന്‍ ഡാറ്റാ ബേസ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിർദേശം നൽകാനും പൊതുതാത്പര്യ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലിവിങ് ടുഗെതര്‍ ബന്ധങ്ങളുടെ രജിസ്ട്രേഷനിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്ന് ഹരജിക്കാരി വാദിച്ചു. ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19, ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളില്‍ വ്യാജ ബലാത്സംഗ പരാതികള്‍ ഉന്നയിക്കുന്നത് കൂടിയിട്ടുണ്ടെന്നും ഹരജിയില്‍ പരാമര്‍ശമുണ്ട്. കോടതിക്ക് ഇത്തരം കേസുകളുടെ സത്യാവസ്ഥ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. പാശ്ചാത്യ സംസ്കാരം പിന്തുടരാന്‍ ആഗ്രഹിക്കുന്ന യുവതലമുറയില്‍ ലിവിങ് ടുഗെതര്‍ ബന്ധത്തിലേക്ക് ഗൂഢലക്ഷ്യത്തോടെ പ്രവേശിക്കുന്നവരെ കണ്ടെത്താന്‍ രജിസ്ട്രേഷന്‍ സഹായിക്കുമെന്ന് ഹരജിക്കാരി വാദിച്ചു.

Summary- A Public Interest Litigation seeking to frame rules and guidelines for registration of live-in partnerships in India has been filed in the Supreme Court of India

Similar Posts