India
SNCLavalincase, PinarayiVijayan, SupremeCourt, JusticeSuryakant, SNCLavalinscam
India

38-ാം തവണയും കോടതി സമക്ഷം; ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

Web Desk
|
6 Feb 2024 1:52 AM GMT

കേസ് വാദിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ സുപ്രിംകോടതിയില്‍ നിരന്തരം സമര്‍പ്പിച്ചത്

ന്യൂഡല്‍ഹി: ലാവ്ലിൻ അഴിമതിക്കേസ് സുപ്രിംകോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തുടര്‍ച്ചയായി മാറ്റിവച്ച കേസ് ഇത് 38-ാം തവണയാണ് കോടതി മുന്‍പാകെ എത്തുന്നത്. കേസില്‍ ആറു വർഷം മുൻപാണ് എതിർകക്ഷികൾക്ക് ആദ്യ നോട്ടിസ് അയച്ചത്. പിന്നീട് തുടർച്ചയായി മാറ്റിവയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി ഉൾപ്പെടെ മൂന്നുപേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട്, 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടിസ് അയച്ചു.

കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതോടെ വാദംകേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി. അപ്പീൽ നൽകിയ സി.ബി.ഐ പലതവണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയിൽ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ, യു.യു ലളിത്, എം.ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽനിന്നു വിരമിച്ചു.

കേസിന്റെ വാദം പോലും തുടങ്ങാൻ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. കേസ് വാദിക്കാൻ തയാറാണെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ സുപ്രിംകോടതിയില്‍ നിരന്തരം സമര്‍പ്പിച്ചത്.

Summary: The SNC Lavalin scam case to be heard again today by the Supreme Court bench headed by Justice Suryakant. This is the 38th time the court is hearing the case, which has been adjourned continuously

Similar Posts