ഗാസിയാബാദില്‍ പിറ്റ് ബുള്‍,റോട്ട് വീലര്‍ നായകളെ വീട്ടില്‍ വളര്‍ത്തുന്നതിന് വിലക്ക്
|ഈ നായകളുടെ പുതിയ രജിസ്ട്രേഷന് നിരോധിച്ചതായി ജിഎംസി അധികൃതർ അറിയിച്ചു
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പിറ്റ്ബുൾ, റോട്ട്വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളില്‍ പെട്ട നായകളെ മെട്രോപൊളിറ്റൻ ഏരിയയിൽ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി മുനിസിപ്പൽ കോർപറേഷൻ. ഈ നായകളുടെ പുതിയ രജിസ്ട്രേഷന് നിരോധിച്ചതായി ജിഎംസി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നായകളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
ഇത്തരം വളർത്തുമൃഗങ്ങളുള്ളവർ രണ്ട് മാസത്തിനുള്ളിൽ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കിൽ 5,000 രൂപ പിഴ നൽകണമെന്നും ജിഎംസി അധികൃതർ വ്യക്തമാക്കി. ഈ ഇനത്തിലുള്ള നായകളെ ദീർഘകാലത്തേയ്ക്ക് നിരോധിക്കണമെന്ന നിർദേശം കോര്‍പറേഷന്റെ പരിഗണനയിലാണെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു. '' ഈ നായകള്‍ക്ക് ലൈസൻസ് നൽകില്ല. ആരെങ്കിലും ഇവയിലൊന്ന് വാങ്ങിയാൽ ഉടമകളായിരിക്കും ഉത്തരവാദി'' ഈ മൂന്ന് ഇനങ്ങളും ഗാസിയാബാദിൽ നിരോധിച്ചിരിക്കുന്നു," ബി.ജെപി നേതാവും ജി.എം.സി കൗൺസിലറുമായ സഞ്ജയ് സിംഗ് ഞായറാഴ്ച പി.ടി.ഐയോട് പറഞ്ഞു.
വളർത്തുമൃഗ ഉടമകൾക്കായി പൗരസമിതി ശനിയാഴ്ച മറ്റു മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ഇതുപ്രകാരം ഉടമകള്‍ അവരുടെ നായകള്‍ക്ക് ലൈസൻസ് നേടേണ്ടതുണ്ട്. അത് നവംബർ 1 മുതൽ ലൈസന്‍സ് നല്കിത്തുടങ്ങും. കൂടാതെ ഒരു കുടുംബത്തിന് ഒന്നിൽ കൂടുതൽ വളർത്തു നായകളെ വളർത്താൻ കഴിയില്ല. ഉയർന്ന കെട്ടിട സമുച്ചയങ്ങളിൽ താമസിക്കുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾ അവരുടെ നായകളെ പുറത്തേക്ക് കൊണ്ടുവരാന്‍ സർവീസ് ലിഫ്റ്റുകൾ ഉപയോഗിക്കുകയും പൊതുസ്ഥലത്ത് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങളെ ഇഷ്ടമാണെങ്കിലും നായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കുറിച്ചും അവർ ചിന്തിക്കണമെന്നും മേയർ ആശ ശര്‍മ്മ പറഞ്ഞു. ''പത്തിലധികം കുട്ടികള്‍ക്ക് നായകളുടെ കടിയേറ്റിട്ടുണ്ട്. സഞ്ജയ് നഗർ കോളനിയിലെ കുഷ് ത്യാഗി എന്ന കുട്ടിക്ക് പിറ്റ് ബുൾ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖത്ത് 150 തുന്നലുകളാണ് ഇട്ടത്. നാല് ദിവസത്തിന് ശേഷം മറ്റൊരു ആൺകുട്ടിയെ ഈ ഇനത്തിൽപ്പെട്ട നായ ആക്രമിച്ചു'' മേയര്‍ പറഞ്ഞു.
ബോർഡ് മീറ്റിംഗിൽ പാസാക്കിയ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് അറിയിക്കാൻ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകാൻ ജിഎംസിയുടെ എല്ലാ സോണൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ, കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനും (കെഎംസി) പഞ്ച്കുള മുനിസിപ്പൽ കോർപ്പറേഷനും നഗരപരിധിയിൽ പിറ്റ്ബുൾ, റോട്ട്വീലർ ഇനത്തിൽപ്പെട്ട നായകളെ വളര്‍ത്തുന്നത് നിരോധിച്ചിരുന്നു.