India
Plan to bomb BJP headquarters on Ram temple dedication day, then failed; NIA charge sheet in Rameswaram cafe blast case, latest news malayalam,  രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ബിജെപി ആസ്ഥാനത്ത് ബോംബിടാന്‍ പ്ലാൻ, പിന്നാലെ പരാജയം; രാമേശ്വരം കഫെ സ്ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം
India

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ബിജെപി ആസ്ഥാനത്ത് ബോംബിടാന്‍ പ്ലാൻ, പിന്നാലെ പരാജയം; രാമേശ്വരം കഫെ സ്ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം

Web Desk
|
9 Sep 2024 6:28 PM GMT

പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുള്ളതായും കുറ്റപത്രത്തിൽ

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിലെ നാല് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ മുസവ്വിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിർക്കെതിരെയാണ് കുറ്റപത്രം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ദിനത്തിൽ ബെംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം നടത്താൻ പ്രതികൾ പദ്ധതിയിട്ടതായി കുറ്റപത്രത്തിൽ പറയുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് രാമേശ്വരം കഫെയിൽ ബോംബ് വെച്ചത്. പ്രതികൾക്ക് ഐഎസ്-ലക്ഷ്‌കറെ ത്വയിബ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളതായി തെളിഞ്ഞെന്നും എൻഐഎയുടെ കുറ്റപത്രത്തിലുണ്ട്.

ബെംഗളുരുവിലെ ബ്രുക് ഫീൽഡിലുള്ള രാമേശ്വരം കഫെയിൽ കഴിഞ്ഞ മാർച്ച് മാസം ഒന്നാം തിയ്യതി നടന്ന ഇരട്ട സ്‌ഫോടന കേസിലാണ് എൻഐഎയുടെ കുറ്റപത്രം സമർപ്പിച്ചത്. അയോധ്യ രാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്ന ജനുവരി 22 ന് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ അന്നേ ദിവസം രാജ്യം അതീവ സുരക്ഷാ വലയത്തിലായതിനാൽ പദ്ധതി പാളുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേസിലെ ഒന്നാം പ്രതിയായ മുസവ്വിർ ഹുസ്സൈൻ ഷാസിബാണ് ഭക്ഷണം കഴിക്കാനെന്ന വ്യാജേന കഫെയിലെത്തി ബോംബ് വെച്ചത്. ശുചിമുറിയ്ക്ക് സമീപമുള്ള ട്രേയിൽ ഇരുന്ന ബാഗായിരുന്നു പൊട്ടിത്തെറിച്ചത്. കഴിഞ്ഞവർഷം മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ജീവനക്കാരടക്കം 10 പേർക്ക് പരിക്കേറ്റിരുന്നു. ബംഗാൾ, കർണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള കേന്ദ്ര ഏജൻസികളും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതികൾ അറസ്റ്റിലായത്. സ്ഫോടകവസ്തുക്കൾ അടങ്ങിയ ബാഗ് കഫേയിൽ വെച്ച് മടങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഫോട്ടോയും നേരത്തെ എൻ.ഐ.എ പുറത്ത് വിട്ടിരുന്നു.

Similar Posts