India
madras high court
India

'വ്യാജമദ്യം കഴിച്ച് മരിച്ചവരാണ്, അല്ലാതെ സ്വാതന്ത്ര്യ സമര സേനാനികളല്ല'; കള്ളക്കുറിച്ചി ദുരന്തത്തില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിനെതിരെ ഹരജി

Web Desk
|
6 July 2024 5:53 AM GMT

അനധികൃത മദ്യം കഴിച്ച് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവരാണ്

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഹരജി. മുഹമ്മദ് ഗൗസ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

" മരിച്ചത് വിഷമദ്യം കഴിച്ചവരാണ്. അല്ലാതെ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക പ്രവർത്തകരോ അല്ല. അനധികൃത മദ്യം കഴിച്ച് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവരാണ്," ഹരജിയില്‍ പറയുന്നു. ഹരജിയില്‍ വാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ മഹാദേവനും ജസ്റ്റിസ് മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്, നഷ്ടപരിഹാര തുക ഉയർന്നതാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസിൻ്റെ കൂടുതൽ വാദം കേൾക്കുമെന്നും വാക്കാൽ വ്യക്തമാക്കി. അനധികൃത മദ്യം കഴിക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. അനധികൃത മദ്യം കഴിക്കുകയും അതുവഴി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുകയും തൽഫലമായി മരണത്തിന് കീഴടങ്ങുകയും ചെയ്തവരോട് ഭരണകൂടം കരുണ കാണിക്കേണ്ടതില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

അപകടത്തിൽപ്പെടുന്നവർക്ക് മാത്രമേ നഷ്ടപരിഹാരം നൽകാവൂ എന്നും സ്വന്തം സന്തോഷത്തിനായി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവർക്ക് നൽകരുതെന്നും ആവശ്യപ്പെടുന്നു. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് യുക്തിരഹിതവും ഏകപക്ഷീയവുമാണെന്നും അനധികൃത മദ്യം ഉപയോഗിക്കുന്നവർക്ക് നഷ്ടപരിഹാരം നിഷേധിക്കണമെന്നും അവരെ ഇരകളായി കണക്കാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തീപിടിത്തത്തിലോ മറ്റേതെങ്കിലും അപകടത്തിലോ ഇരയായവർക്ക് സംസ്ഥാന സർക്കാർ കുറഞ്ഞ നഷ്ടപരിഹാരം അനുവദിക്കുകയും അതേ സമയം വ്യാജമദ്യ ദുരന്തത്തില്‍ വലിയ തുക അനുവദിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഹരജിക്കാരന്‍ ചോദിച്ചു.

ഇതുവരെ 56 പേരാണ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. നിരവധി പേര്‍ തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുമുണ്ട്. കഴിഞ്ഞ മാസം കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തമുണ്ടായത്. പ്രദേശത്ത് വ്യാജമദ്യം വിറ്റഗോവിന്ദരാജൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളിൽനിന്ന് 200 ലിറ്റർ വ്യാജമദ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവി സമയ് സിങ് മീണയെ സസ്പെന്‍ഡ് ചെയ്തിരുന്നു.ദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.

Similar Posts