മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനകൾ
|മുൻ ബി.ജെ.പി എം.പിയും വി.എച്ച്.പി നേതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
റായ്പൂർ: ഛത്തീസ്ഗഢിൽ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനകൾ. ഏപ്രിൽ എട്ടിന് ബെമെതാര ജില്ലയിൽ നടന്ന വർഗീയ കലാപത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. ജഗ്ദൽപൂരിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് തീരുമാനം. ഹിന്ദു മതസ്ഥരുടെ കടകൾ തിരിച്ചറിയാൻ പ്രത്യേകം ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബസ്തറിലെ മുൻ ബി.ജെ.പി എം.പി ദിനേശ് കശ്യപ്, ഛത്തീസ്ഗഢിലെ മുൻ രാജകുടുംബാംഗമായ കമൽ ചന്ദ്ര ഭഞ്ജ്ദിയോ, വി.എച്ച്.പി നേതാക്കൾ തുടങ്ങി എഴുപതോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്കെതിരെ നിരവധി പരാതികൾ ലഭിച്ചെങ്കിലും കേസെടുക്കാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം ബഹിഷ്‌കരണത്തെ പിന്തുണക്കുന്നില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ''രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനും വികസനത്തിനുമായാണ് ബി.ജെ.പി എപ്പോഴും പ്രവർത്തിക്കുന്നത്. രണ്ട് ദിവസം മുമ്പ് വി.എച്ച്.പി ധർണക്കും ബന്ദിനും ആഹ്വാനം ചെയ്തു. അതിന് ബി.ജെ.പി പിന്തുണയും നൽകി. പ്രതിഷേധത്തിനിടെ ബന്ധപ്പെട്ട സംഘടന പ്രതിജ്ഞയെടുത്തു. സാമൂഹിക വിവേചനം പോലുള്ള കാര്യങ്ങൾ ബി.ജെ.പി പിന്തുണക്കുന്നില്ല''-ബി.ജെ.പി പ്രസ്താവനയിൽ വ്യക്തമാക്കി.
എപ്രിൽ എട്ടിനാണ് സെൻട്രൽ ഛത്തീസ്ഗഢിൽ സംഘർഷമുണ്ടായത്. രണ്ട് യുവാക്കൾ തമ്മിൽ ആരംഭിച്ച വഴക്ക് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമായി പരിണമിക്കുകയായിരുന്നു. ഇരുസംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഒരു യുവാവ് കൊല്ലപ്പെടുകയും മൂന്നു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.