India
തമിഴ്നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
India

തമിഴ്നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

Web Desk
|
27 July 2022 4:20 AM GMT

പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍- മീന ദമ്പതികളുടെ മകളാണ് ഇന്നലെ വൈകിട്ട് മരിച്ചത്

ശിവകാശി: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ പെണ്‍കുട്ടിയാണിത്.

ചൊവ്വാഴ്ചയാണ് സംഭവം. പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍- മീന ദമ്പതികളുടെ മകളാണ് ഇന്നലെ വൈകിട്ട് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിലെ മുറിയുടെ വാതില്‍ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നു. അമ്മൂമ്മ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തായിരുന്നു സംഭവം.

അമ്മൂമ്മ കടയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. നിലവിളികേട്ട് അയല്‍വാസികളും നാട്ടുകാരും സ്ഥലത്തെത്തി. പൊലീസ് എത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ശിവകാശി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. മരണകാരണം വ്യക്തമല്ല.വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കടലൂരിലും തിരുവള്ളൂരിലുമായി രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തിരുന്നു.

Related Tags :
Similar Posts