കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം: മൂന്ന് പേർ അറസ്റ്റിൽ
|രണ്ട് അധ്യാപകരേയും പ്രിൻസിപ്പലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രിൻസിപ്പലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് പേർ അറസ്റ്റിലായത്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്നലെ നടത്തിയെങ്കിലും സ്വീകരിക്കാൻ കുടുംബം തയ്യാറായില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ ഇന്ന് അന്വേഷണസംഘം കുട്ടിയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയേക്കും. അതേസമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കള്ളക്കുറിച്ചിയിൽ ക്യാമ്പ് ചെയ്യുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞയും തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. കണിമയൂർ ശക്തി മെട്രിക്കുലേഷൻ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളിലെ അധ്യാപകർക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ. ആരോപണ വിധേയരായ അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് തെരുവിലിറങ്ങിയത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.