India
ചില തീരുമാനങ്ങൾ ആദ്യം ശരിയല്ലെന്ന് തോന്നാം, പക്ഷേ...;  അഗ്നിപഥിൽ പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി
India

'ചില തീരുമാനങ്ങൾ ആദ്യം ശരിയല്ലെന്ന് തോന്നാം, പക്ഷേ...'; അഗ്നിപഥിൽ പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി

Web Desk
|
20 Jun 2022 1:13 PM GMT

അഗ്നിപഥ് പദ്ധതിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മോദിയുടെ പരാമർശം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും പ്രതിപക്ഷ വിമർശനത്തിനും ഇടയിൽ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില തീരുമാനങ്ങൾ ആദ്യം ശരിയല്ലെന്ന് തോന്നാമെങ്കിലും പിന്നീട് രാജ്യപുരോഗതിക്ക് വഴിയൊരുക്കുമെന്നും മോദി പറഞ്ഞു. അഗ്നിപഥ് പദ്ധതിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മോദിയുടെ പരാമർശം.

ബംഗളൂരുവിൽ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് പരോക്ഷമായെങ്കിലും അഗ്നിപഥ് പദ്ധതിയിൽ പ്രധാനമന്ത്രിയുടെ വിശദീകരണം.

നോട്ട് നിരോധനം, കാർഷിക നിയമങ്ങൾ തുടങ്ങി കേന്ദ്രസർക്കാറിന്റെ പുതിയ മണ്ടത്തരമാണ് അഗ്നിപഥ് പദ്ധതിയെന്നായിരുന്നു പ്രതിപക്ഷ വിമർശം. കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ അഗ്നിപഥും കേന്ദ്രസർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. എന്നാല്‍ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. അഗ്നിപഥ് വഴി കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങി .

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ആറാം ദിവസവും ശക്തമായി തുടരുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്ത് അഞ്ഞൂറിലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കി. സംഘർഷം ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭാരത് ബന്ദ് പ്രഖ്യാപനത്തിന് പിന്നാലെ അതീവ ജാഗ്രതയിലായിരുന്നു ബീഹാർ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. പ്രധാന നഗരങ്ങളിലും പ്രശ്ന ബാധിത മേഖലകളിലും പോലീസ് നിയന്ത്രണം ശക്തമാക്കി.

Summary-PM Amid 'Agnipath' Row: "Some Decisions Look Unfair But..."

Similar Posts