സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഗാനമാലപിക്കാൻ പൗരന്മാരോട് പ്രധാനമന്ത്രി
|പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലൂടെ ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം
സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലൂടെ ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യക്കാരെ ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൗരന്മാർക്ക് തങ്ങൾ ദേശീയഗാനം ആലപിക്കുന്ന വീഡിയോ Rashtragaan.in .എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്നാണ് പ്രധാനമന്ത്രി തന്റെ സംസാരം തുടങ്ങിയത്. തന്റെ മൻ കി ബാത്ത് പരിപാടിക്ക് മികച്ച പ്രതികരണമാണ് യുവാക്കളുൾപ്പെടെയുള്ളവരിൽ നിന്നും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. " ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ കൊറോണ വൈറസ് നമ്മുക്കിടയിലുണ്ടെന്ന കാര്യം നാം മറക്കരുത്." - അദ്ദേഹം പറഞ്ഞു.