കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായം: പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
|കുട്ടികൾക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപൻഡ് നല്‍കും
ഡല്‍ഹി: കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പിഎം കെയറിൽ നിന്ന് സഹായം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കേരളത്തിൽ നിന്ന് 112 കുട്ടികൾക്കാണ് സഹായം ലഭിക്കുക.
കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപൻഡ് നല്‍കും. 23 വയസ് ആകുമ്പോൾ 10 ലക്ഷം രൂപ ലഭിക്കും. ഹെൽത്ത് കാർഡ് വഴി ചികിത്സ സൗജന്യമായി നൽകും. വിദ്യാഭ്യാസ വായ്പയിലും ഇളവ് നല്‍കും,
കോവിഡിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു- "ഞാൻ കുട്ടികളോട് സംസാരിക്കുന്നത് പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബാംഗം എന്ന നിലയിലാണ്. ഇന്ന് കുട്ടികളുടെ ഇടയിലാണെന്നതിനാല്‍ എനിക്ക് വളരെ ആശ്വാസമുണ്ട്. എല്ലാ ഇന്ത്യക്കാരും നിങ്ങളോടൊപ്പമുണ്ട് എന്നതിന്റെ പ്രതിഫലനമാണ് പിഎം കെയർ ഫോർ ചിൽഡ്രൻ. കുട്ടികള്‍ പഠനത്തിനൊപ്പം കായിക രംഗത്തും യോഗയിലും ഭാഗമാകണം"- പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ മാതാപിതാക്കളുടെ വാത്സല്യത്തിന് പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. എന്നാല്‍ ഭാരതാംബ നിങ്ങളോടൊപ്പമുണ്ട്. പിഎം കെയേഴ്സിലൂടെ ഇന്ത്യ ഇത് നിറവേറ്റുകയാണ്. ഇത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സർക്കാരിന്റെയോ വെറുമൊരു ശ്രമമല്ല. ആളുകൾ കഠിനാധ്വാനം ചെയ്ത പണമാണ് പിഎം കെയറിലുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മഹാമാരിക്കാലത്ത് ആശുപത്രികൾ തയ്യാറാക്കുന്നതിനും വെന്‍റിലേറ്ററുകൾ വാങ്ങുന്നതിനും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും പിഎം കെയര്‍ ഫണ്ട് സഹായിച്ചു. അതിലൂടെ നിരവധി ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.