India
അരുണാചലിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം ഡോണി പോളോ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു
India

അരുണാചലിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം 'ഡോണി പോളോ' പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

Web Desk
|
19 Nov 2022 5:35 AM GMT

ഇറ്റാനഗറിലെ ഹോളോങ്കിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അരുണാചലിലെ തദ്ദേശീയരെ വിശേഷിപ്പിക്കുന്ന 'ഡോണി പോളോ'യെന്ന പേരാണ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. ഇറ്റാനഗറിലെ ഹോളോങ്കിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

"ഞങ്ങൾ തറക്കല്ലിട്ട പദ്ധതികൾ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന ഒരു തൊഴിൽ സംസ്കാരമാണ് ഞങ്ങൾ കൊണ്ടുവന്നതെന്ന് നിങ്ങൾക്കറിയാം'' ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. അരുണാചല്‍ തലസ്ഥാനത്ത് ഒരു വിമാനത്താവളം എന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും പ്രധാനമന്ത്രി മോദിയുടെ പരിശ്രമത്താൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

645 കോടി രൂപ ചെലവിലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവളം നിര്‍മിച്ചത്. 2019ലാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മോദി തറക്കല്ലിട്ടത്. അന്ന് നവീകരിച്ച തേസു വിമാനത്താവളത്തിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. 4100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഏകദേശം 955 കോടി രൂപ ചെലവിലാണ് ഹോളോങ്കിയിലെ ടെർമിനൽ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ടെര്‍മിനലിനുണ്ട്. 690 ഏക്കറിലധികം വിസ്തൃതിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 2,300 മീറ്റർ റൺവേയുള്ള വിമാനത്താവളം ഏതു പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ സജ്ജമാണ്.

Similar Posts