പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യന്‍; എഎന്‍ഐക്ക് നല്കിയ അഭിമുഖം സ്ക്രിപ്റ്റഡ് ആണെന്ന് രാഹുല്‍ ഗാന്ധി
|പ്രധാനമന്ത്രി എഎന്‍ഐക്ക് നല്കിയ നീണ്ട അഭിമുഖത്തില്‍ ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് പറഞ്ഞു
ഗസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഴിമതിയുടെ ചാമ്പ്യൻ എന്ന് വിശേഷിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ, പ്രധാനമന്ത്രി മോദി അടുത്തിടെ എഎൻഐയ്ക്ക് നൽകിയ അഭിമുഖം “സ്ക്രിപ്റ്റഡ് ആണെന്നും ഫ്ലോപ്പ് ഷോ ആണെന്നും വയനാട് എം.പി ആരോപിച്ചു.
''പ്രധാനമന്ത്രി എഎന്‍ഐക്ക് നല്കിയ നീണ്ട അഭിമുഖത്തില്‍ ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് പറഞ്ഞു. സുതാര്യതയ്ക്കും രാഷ്ട്രീയം ശുദ്ധീകരിക്കുന്നതിനുമാണ് ഇലക്ടറൽ ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഇത് ശരിയാണെങ്കിൽ എന്തുകൊണ്ട് ആ സംവിധാനം സുപ്രിംകോടതി റദ്ദാക്കി.രണ്ടാമതായി, സുതാര്യത കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ എന്തിനാണ് ബി.ജെ.പിക്ക് പണം നൽകിയവരുടെ പേരുകൾ മറച്ചുവച്ചത്. പിന്നെ എന്തിനാണ് അവർ നിങ്ങൾക്ക് പണം തന്ന തിയതികൾ മറച്ചത്? രാഹുല്‍ ചോദിച്ചു. “ഇത് ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ പദ്ധതിയാണ്. ഇന്ത്യയിലെ എല്ലാ വ്യവസായികളും ഇത് മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്നു, പ്രധാനമന്ത്രി എത്ര വ്യക്തത വരുത്താൻ ആഗ്രഹിച്ചാലും അത് ഒരു മാറ്റവും ഉണ്ടാക്കില്ല.കാരണം പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിനാകെ അറിയാം'' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം നുണകൾ പ്രചരിപ്പിക്കുകയാണെന്നും സത്യസന്ധമായ പ്രതിഫലനം ഉണ്ടാകുമ്പോൾ എല്ലാവരും ഖേദിക്കുമെന്നും അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.