'മോദി പാവങ്ങളുടെ മിശിഹ'; രാജ്യത്തിന്റെ പട്ടിണിയകറ്റാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന് അമിത് ഷാ
|കോൺഗ്രസ് 370-ാം അനുച്ഛേദം മടിയിലിരിക്കുന്ന കുഞ്ഞിനെപോലെയാണ് പരിപാലിച്ചതെന്നും അമിത് ഷാ
ഇൻഡോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാവങ്ങളുടെ മിശിഹയാണെന്നും രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച ശക്തനായ നേതാവാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. 70 വർഷമായി രാജ്യത്തെ ദരിദ്രർക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2004 നും 2014 നും ഇടയിൽ യുപിഎ ഭരണകാലത്ത് പാകിസ്താൻ സ്പോൺസേർഡ് ഭീകരർ സൈനികരെ ആക്രമിച്ചിരുന്നു. എന്നാൽ ഒരു വാക്ക് പോലും ഉരിയാടുന്നതിൽ അന്നത്തെ സർക്കാർ പരാജയപ്പെട്ടു. ഉറിയിലും പത്താൻകോട്ടിലും സമാനമായ സംഭവങ്ങൾ ഉണ്ടായപ്പോൾ, പ്രധാനമന്ത്രി മോദിയുടെ സർക്കാർ സർജിക്കൽ, വ്യോമാക്രമണങ്ങളിലൂടെ പ്രതികരിച്ചു' അമിത് ഷാ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിലും കോൺഗ്രസ് വിമുഖത കാണിക്കുകയായിരുന്നു. മോദിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തതോടെ ക്ഷേത്ര നിർമാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കങ്കേശ്വരി ഗ്രൗണ്ടിൽ ബിജെപി ബൂത്ത് ലെവൽ പ്രവർത്തകരുടെ 'വിജയ് സങ്കൽപ് സമ്മേളന'ത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
മുൻ കമൽനാഥ് സർക്കാർ അഴിമതി നിറഞ്ഞതാണെന്നും മധ്യപ്രദേശ് സർക്കാറിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിമാരായ ദിഗ്വിദയ് സിംഗും കമൽനാഥും സംസ്ഥാനത്തെ അഴിമതിയിലൂടെ ഇല്ലാതാക്കി. ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ പാവങ്ങൾക്കായി ആരംഭിച്ച 51 ഓളം ക്ഷേമ പദ്ധതികൾ ഇല്ലാതാക്കിയെന്നും ഷാ ആരോപിച്ചു.