India
Sharad Pawar

ശരത് പവാര്‍

India

മോദി പുടിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു; പ്രധാനമന്ത്രിക്കെതിരെ ശരദ് പവാര്‍

Web Desk
|
23 April 2024 5:22 AM GMT

ഭയം സൃഷ്ടിക്കാനും റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശവുമായി എന്‍.സി.പി(എസ്‍പി) നേതാവ് ശരദ് പവാര്‍. ഇന്ത്യയില്‍ ഒരു പുടിന്‍ നിര്‍മിക്കപ്പെടുകയാണെന്ന് താന്‍ ഭയപ്പെടുന്നതായി പവാര്‍ പറഞ്ഞു. ഭയം സൃഷ്ടിക്കാനും റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പുതിയ ഇന്ത്യ സൃഷ്ടിക്കാൻ മുൻ പ്രധാനമന്ത്രിമാർ പ്രവർത്തിച്ചുവെന്നും എന്നാൽ പ്രധാനമന്ത്രി മോദി മറ്റുള്ളവരെ വിമർശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കഴിഞ്ഞ പത്ത് വർഷമായി തൻ്റെ സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ശരദ് പവാർ കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രസർക്കാർ എന്താണ് ചെയ്തതെന്ന് പറയുന്നതിന് പകരം മോദി മറ്റുള്ളവരെ വിമർശിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ ഒരു പുതിയ പുടിൻ നിർമ്മിക്കപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു,” പവാര്‍ കൂട്ടിച്ചേർത്തു.മഹാ വികാസ് അഘാഡി സ്ഥാനാർഥിക്ക് വേണ്ടി അമരാവതിയിൽ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാജ്യത്തിന് നൽകിയ സംഭാവനകളെ ചോദ്യം ചെയ്യാൻ കഴിയില്ല. ചില ബി.ജെ.പി നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ സ്വേച്ഛാധിപത്യം രൂപപ്പെടാൻ അനുവദിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു."ജവഹർലാൽ നെഹ്‌റുവിന് ശേഷം, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു മുതൽ മൻമോഹൻ സിംഗ് വരെയുള്ള മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രവർത്തനങ്ങൾ ഞാൻ കണ്ടു. അവരുടെ ശ്രമങ്ങൾ ഒരു പുതിയ ഇന്ത്യ ഉണ്ടാക്കാനായിരുന്നു, എന്നാൽ നിലവിലെ പ്രധാനമന്ത്രി വിമർശിക്കുക മാത്രമാണ് ചെയ്യുന്നത്."പവാര്‍ പറഞ്ഞു.

കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് അമരാവതി. 2019 ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച സിറ്റിംഗ് എംപി നവനീത് റാണയാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. ബൽവന്ത് വാങ്കഡെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Similar Posts