ഈ പതിറ്റാണ്ടിനെ ഇന്ത്യന്‍ സാങ്കേതിക വളര്‍ച്ചയുടെ കാലഘട്ടമാക്കും: നരേന്ദ്രമോദി
|ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വെര്‍ച്വല്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി
ഈ പതിറ്റാണ്ടിനെ ഇന്ത്യന്‍ സാങ്കേതിക വളര്‍ച്ചയുടെ കാലഘട്ടമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാനും പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിനാളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സഹായിച്ചുവെന്നും മോദി അവകാശപ്പെട്ടു. കോവിഡ് വ്യാപനം തടുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണായ പങ്കാണ് വഹിച്ചത്. കോവിഡ് കാലത്ത് ഇന്ത്യയുടെ സാങ്കേതിക മാര്‍ഗങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നും മോദി പറഞ്ഞു.
പുതിയ തലമുറയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കളെന്നും ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്‍റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നത്. ഇന്ത്യയിലെ യുവാക്കള്‍ ഡിജിറ്റല്‍ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.