India
melodi
India

ഹലോ ഫ്രം മെലോഡി ടീം; മോദിക്കൊപ്പം സെൽഫിയെടുത്ത് മെലോണി- ചർച്ചയായി വീഡിയോ

abs
|
15 Jun 2024 11:23 AM GMT

ജി7 ഉച്ചകോടിക്കിടെയാണ് ഇരുവരും ചേര്‍ന്നുള്ള സെല്‍ഫി വീഡിയോ

ന്യൂഡൽഹി: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫി വീഡിയോ എടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലോഡി എന്ന പേരിൽ മെലോണി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

ഹായ് ഫ്രണ്ട്സ് ഫ്രം മെലോഡി എന്ന് പറഞ്ഞ് കൈവീശിക്കാണിച്ചാണ് മെലോണി വീഡിയോ എടുക്കുന്നത്. ഇതു കേട്ട് മോദി ചിരിക്കുന്നതും കൈ വീശുന്നതും വീഡിയോയിൽ കാണാം. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്.



ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നേരത്തെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മെലോഡി മീമുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജി7 ഉച്ചകോടിയിൽ നമസ്‌തെ പറഞ്ഞ് ലോക നേതാക്കളെ സ്വീകരിക്കുന്ന മെലോണിയുടെ വീഡിയോ ആണ് ആദ്യം വൈറലായത്. മെലോഡി എന്ന ഹാഷ്ടാഗോടെയാണ് ഇവ ആഘോഷിക്കപ്പെട്ടത്. പിന്നാലെ മോദിയെയും മെലോണിയെയും ബന്ധപ്പെടുത്തിയുള്ള ചില ട്വീറ്റുകൾ അധിക്ഷേപകരമായിരുന്നു. ഇത്തരം മീമുകൾ നാണംകെട്ടതാണെന്ന വിമർശനവുമായി ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തിയിരുന്നു.



മൂന്നാം തവണ അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി സന്ദർശിക്കുന്ന വിദേശരാഷ്ട്രമാണ് ഇറ്റലി. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ, യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ തുടങ്ങിയ ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ വർഷം ഡിസംബറിൽ ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ (COP28) മോദിയും മെലോണിയും എടുത്ത സെൽഫിയും ചർച്ചയായിരുന്നു. നല്ല സുഹൃത്തുക്കൾ COP28യിൽ, മെലോഡി എന്ന അടിക്കുറിപ്പോടെയാണ് ഇവർ ചിത്രം പങ്കുവച്ചിരുന്നത്. വെള്ളിയാഴ്ച ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കം തന്ത്രപ്രധാനമായ നിരവധി വിഷയങ്ങൾ ചർച്ചയായി.

Similar Posts