മഹാത്മാ ഗാന്ധിയുടെ രാജ്യത്തെ നയിക്കുന്നതുകൊണ്ടാണ് മോദിക്ക് ആഗോളതലത്തിൽ ബഹുമാനം ലഭിക്കുന്നത്: അശോക് ഗെഹ്‌ലോട്ട്
|രാജസ്ഥാനിൽ നടന്ന ഒരു ചടങ്ങിൽ മോദിയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഗെഹ്‌ലോട്ടിന്റെ പരാമർശം.
ജയ്പൂർ: മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ നയിക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോള തലത്തിൽ ബഹുമാനം ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിൽ മോദിക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''പ്രധാനമന്ത്രി മോദി വിദേശത്ത് പോകുമ്പോൾ അദ്ദേഹത്തിന് വലിയ ബഹുമാനമാണ് ലഭിക്കുന്നത്. ജനാധിപത്യത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ, സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിലേറെയായിട്ടും ജനാധിപത്യം സജീവമായിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്''-ഗെഹ്‌ലോട്ട് പറഞ്ഞു.
കോളജുകളും സർവകലാശാലകളും തുറക്കുന്നത് മുതൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നത് വരെ തന്റെ സർക്കാർ ആദിവാസികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ചിരഞ്ജീവി ആരോഗ്യ പദ്ധതി താങ്കൾ പരിശോധിക്കണമെന്നും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.