'മോദി ലോലഹൃദയൻ, മയിലിന് ഭക്ഷണം നൽകാനായി സുപ്രധാന യോഗം വരെ നിർത്തിവെച്ചു'; അമിത് ഷാ
|മോദി @ 20 ഡ്രീംസ് മീറ്റ് ഡെലിവറി' പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു അമിത്ഷായുടെ പുകഴ്ത്തല്‍
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോലഹൃദയനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള 'മോദി @ 20 ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു അമിത് ഷാ പ്രധാനമന്ത്രിയെകുറിച്ച് പറഞ്ഞത്. വിശന്നിരിക്കുന്ന മയിലിന് ഭക്ഷണം നൽകാനായി സുപ്രധാനയോഗം നിർത്തിവെച്ച മോദിയെ കുറിച്ചുള്ള ഓർമയും അമിത് ഷാ പങ്കുവെച്ചു.
'ഒരിക്കൽ സുപ്രധാനമായ യോഗം പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഒരു മയിൽ അതിന്റെ കൊക്ക് കൊണ്ട് ഗ്ലാസിൽ തട്ടിക്കൊണ്ടിരുന്നു. മയിലിന് വിശക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രധാനമന്ത്രി തന്റെ ജീവനക്കാരോട് മയിലിന് ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടു. ഇത്രയും ഗൗരവമുള്ള യോഗത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഒരു മയിലിനെക്കുറിച്ച് ചിന്തിക്കുന്ന ആ മനുഷ്യൻ എത്രമാത്രം ലോലഹൃദയനായിരിക്കും' അമിത് ഷാ പറഞ്ഞു.
കാര്യക്ഷമതയുള്ള നേതാവാണ് മോദിയെന്നും അമിത് ഷാ പ്രശംസിച്ചു. അനുഭവപരിജ്ഞാനമില്ലാഞ്ഞിട്ടുപോലും ഭൂകമ്പ സാധ്യത എപ്പോഴും നിലനിൽക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലേൽക്കുക മാത്രമല്ല,ആ പദവി കാര്യക്ഷമമായി നിർവഹിക്കുകയും ചെയ്തു. പിന്നീടും നിരവധി തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിക്കുകയും ചെയ്തതായി അമിത് ഷാ പറഞ്ഞു.
2020ൽ പ്രധാനമന്ത്രി മോദി തന്റെ വസതിയിൽ മയിലിന് ഭക്ഷണം കൊടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.