India
Adhir Ranjan Choudhary

അധിര്‍ രഞ്ജന്‍ ചൗധരി

India

പ്രധാനമന്ത്രി പരിഭ്രാന്തനാണ്, 400 സീറ്റിനെക്കുറിച്ച് മിണ്ടുന്നില്ല: അധിര്‍ രഞ്ജന്‍ ചൗധരി

Web Desk
|
9 May 2024 6:19 AM GMT

കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ബഹരംപൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് അധിര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തനാണെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന എൻഡിഎയുടെ ലക്ഷ്യത്തെക്കുറിച്ചല്ല പ്രധാനമന്ത്രി ഇപ്പോൾ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആജ് തക്/ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രധാനമന്ത്രി പരിഭ്രാന്തനായി, 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് അദ്ദേഹം ഇപ്പോൾ സംസാരിക്കുന്നില്ല, അദ്ദേഹം ഇപ്പോൾ നിശബ്ദനായി." ചൗധരി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ബഹരംപൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് അധിര്‍ രഞ്ജന്‍ ചൗധരി. 1999 മുതൽ ബഹരംപൂരിനെ പ്രതിനിധീകരിക്കുന്നു. തുടര്‍ച്ചയായി ആറാം തവണയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. "ഞാൻ ആരെയും എൻ്റെ എതിരാളിയായ കാണുന്നില്ല. (മുൻ ക്രിക്കറ്റ് താരം) യൂസഫ് പഠാന്‍ ഒരു ഘടകമാകില്ല. ഞാൻ എൻ്റേതായ ശൈലിയിലാണ് പ്രചാരണം നടത്തുന്നത്. സീറ്റ് നിലനിർത്താൻ ഞാൻ പോരാടുകയാണ്," ചൗധരി കൂട്ടിച്ചേര്‍ത്തു. യൂസഫ് പഠാനാണ് ബഹരംപൂരിലെ ടിഎംസി സ്ഥാനാര്‍ഥി. നിര്‍മല്‍ കുമാര്‍ സാഹയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

എന്തുകൊണ്ടാണ് ബംഗാളില്‍ ഇന്‍ഡ്യ മുന്നണി ഇല്ലാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി മോദിയും തമ്മിൽ ഒരു കരാർ ഉണ്ടാക്കിയതായി ചൗധരി ആരോപിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ മേയ് 13 ന് ബഹരംപൂരിൽ വോട്ടെടുപ്പ് നടക്കും.

Similar Posts