'അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം നോബോൾ എറിയുമ്പോൾ സർക്കാർ സെഞ്ച്വറി അടിക്കുന്നു'; മറുപടിയുമായി പ്രധാനമന്ത്രി
|പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന്‌വേണ്ടിയുള്ള വിശപ്പാണെന്നും മോദി പാര്‍ലമെന്‍റില്‍
ന്യൂഡൽഹി: പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന് വേണ്ടിയുള്ള വിശപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു മോദി. 'രാജ്യത്തെ ജനങ്ങൾ എന്ത് വിശ്വാസത്തിൽ പ്രതിപക്ഷത്തെ സഭയിലേക്ക് അയച്ചോ അവരോടും വിശ്വാസ വഞ്ചന കാണിച്ചു. രാജ്യത്തെക്കാളും പ്രധാനം മുന്നണി ആണെന്ന് പ്രതിപക്ഷം തെളിയിച്ചു'. പ്രധാനമന്ത്രി പറഞ്ഞു.
'അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം നോബോൾ എറിയുമ്പോൾ സർക്കാർ സെഞ്ച്വറി അടിക്കുന്നു. കുറച്ച് മുന്നൊരുക്കം എന്ത് കൊണ്ട് പ്രതിപക്ഷം നടത്തിയില്ല ? യുവാക്കളുടെ ഭാവിയല്ല, രാഷ്ട്രീയ ഭാവിയാണ് നിങ്ങൾക്ക് പ്രധാനം. അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്ത രീതി ശരിയെല്ലെന്നും മോദി വിമർശിച്ചു.
'രാജ്യത്തെ ജനങ്ങൾ ആവർത്തിച്ച് നൽകിയ വിശ്വാസത്തിൽ നന്ദിയുണ്ട്. പ്രതിപക്ഷം അവിശ്വാസ പ്രമേയമായി കൊണ്ട് വന്നത് ദൈവ നിശ്ചയമാണ്.2018ലും ഇത് തന്നെ സംഭവിച്ചു. ജനങ്ങൾ പോലും പ്രതിപക്ഷത്തിൽ അവിശ്വാസം രേഖപ്പെടുത്തി.തെരഞ്ഞെടുപ്പിൽ എൻഡിഎക്കും ബിജെപിക്കും സീറ്റുകൾ വർധിച്ചു. പ്രതിപക്ഷത്തിന്റെ ഒപ്പമുള്ള വോട്ട് പോലും അവർക്ക് സമാഹരിക്കാൻ കഴിഞ്ഞില്ല. 2024 ൽ എല്ലാ റെക്കോർഡും ഭേദിച്ച് ബിജെപിയും എൻഡിഎയും വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രതിപക്ഷം അംഗീകരിച്ചു'. പ്രധാനമന്ത്രി പറഞ്ഞു.
മൽസ്യ ബന്ധന തൊഴിലാളികൾക്ക് വേണ്ടി ബിൽ കൊണ്ടുവന്നു. അതിൽ ഏറ്റവും ഗുണം ലഭിക്കേണ്ടത് കേരളത്തിനായിരുന്നു. അതുപോലും മുന്നോട്ട് കൊണ്ട് പോകാൻ തയ്യാറായില്ല. ഇത് സർക്കാരിനുള്ള പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും മോദി പറഞ്ഞു.
'സർക്കാർ സ്ഥാപനങ്ങളിൽ വിമർശിക്കുന്നത് തുടരണം. ഇപ്പോൾ ജനാധിപത്യത്തെയും രാജ്യത്തെയുമാണ് വിശ്വസിക്കുന്നത്. രാജ്യവും ജനാധിപത്യവും ശക്തമാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ട്. ഇവർക്ക് രാജ്യത്തിന്റെ നേട്ടത്തിലും കരുത്തിലും പ്രയത്നത്തിലും വിശ്വാസം ഇല്ല. മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. എതിർപക്ഷം ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാം തനിയെ നടക്കും എന്നാണ് കോൺഗ്രസ് കരുതുന്നത്. ഇതിൽ നിന്ന് മനസ്സിലാകുന്നത് കോൺഗ്രസിന് സാമ്പത്തിക മേഖലയെ കുറിച്ച് അറിവോ കാഴ്ചപ്പാടോ ഇല്ലെന്നാണെന്നും മോദി പറഞ്ഞു.
'ഇന്ത്യ തീവ്രവാദത്തിന് മേൽ സർജിക്കൽ സ്‌ട്രൈക് നടത്തി. കോൺഗ്രസിന് സൈന്യത്തിൽ വിശ്വാസം ഉണ്ടായിരുന്നില്ല.രാജ്യത്തിന് എതിരെ ആരെന്ത് പറഞ്ഞാലും പ്രതിപക്ഷം അത് കയറിപ്പിടിക്കും. രാജ്യത്തെ ഇകഴ്ത്തുന്നവരിൽ ആനന്ദം കണ്ടെത്തുകയാണ് കോൺഗ്രസ്'. മോദി പറഞ്ഞു.
അവിശ്വാസ പ്രമേയത്തിൽ കേന്ദ്രസർക്കാറിനെതിരെ ഇന്നും രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഭരണപക്ഷത്തുനിന്ന് സംസാരിച്ചവരാരും മണിപ്പൂരിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണം ഇൻഡ്യാ എംപിമാർ ആവശ്യപ്പെട്ടു. രാഹുലിന്റെ ഇന്നലത്തെ പ്രസംഗത്തിലെ ചില വാക്കുകൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
സംഘർഷം നൂറു ദിവസം പിന്നിട്ടിട്ടും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം അഴിച്ചുവിട്ടത്. സ്ത്രീകളെ നഗ്നരാക്കുകയും ബലാൽസംഗം ചെയ്യുന്നതും കാണുമ്പോൾ ബേട്ടി ബചാവോ ബേട്ടി പാടാവോ തുടങ്ങിയ പദ്ധതികൾ പി ആർ വർക്ക് മാത്രമാണെന്ന് ജനം മനസിലാക്കുന്നതായി പ്രതിപക്ഷം ആഞ്ഞടിച്ചു. മഹാഭാരതത്തിലെ ധൃതരാഷ്ട്രർ അന്ധനായിരുന്നത് കൊണ്ടാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത് അന്ന് ഹസ്തിനിപുരത്ത് ആണെങ്കിൽ, ഇന്ന് മണിപ്പൂരിലാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നത് . രാജാവ് അന്ധനാണെന്നു അധീർ പറഞ്ഞു തുടങ്ങിയപ്പോൾ ഭരണ പക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള മന്ത്രിമാർ രംഗത്ത് വന്നിരുന്നു.
ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേല്‍ 12 മണിക്കൂർ ആണ് ചർച്ച നടന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന 'ഇൻഡ്യ' മുന്നണിയുടെ ചർച്ചയിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി. രണ്ടാം ദിനം ആക്രമണത്തിന് നേതൃത്വം നൽകിയത് ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടിയ രാഹുൽ ഗാന്ധിയായിരുന്നു. മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റം, തൊഴിലില്ലായ്മ, മോദി അദാനി കൂട്ടുകെട്ട്, ചൈനീസ് കടന്നുകയറ്റം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചയിൽ ഉയർത്തിക്കൊണ്ട് വന്നു. ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞും പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും ആണ് ബിജെപി ഇതിനെ പ്രതിരോധിച്ചത്. മണിപ്പൂർ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്നലെ സഭയിൽ വിശദീകരിച്ചു.