India
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; സുപ്രിം കോടതി മേൽനോട്ടത്തിൽ അന്വേഷണം
India

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; സുപ്രിം കോടതി മേൽനോട്ടത്തിൽ അന്വേഷണം

Web Desk
|
10 Jan 2022 7:53 AM GMT

വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം

പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ ഉണ്ടായ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ സുപ്രിം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പഞ്ചാബിലെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു.

ഹരജിക്കാരുടെയും പഞ്ചാബ് സർക്കാരിന്‍റെയും അഭ്യർഥന മാനിച്ചാണ് പ്രത്യേക സമിതിയെ നിയോഗിക്കാൻ സുപ്രിം കോടതി തയ്യാറായത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി മേൽനോട്ടം നൽകുന്ന സമിതിയിൽ ചണ്ഡീഗഡ് ഡിജിപിയും എന്‍.ഐ.എ ഐജിയും പഞ്ചാബ് - ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലും ഇന്‍റലിജൻസ് ഐജിയും ഉണ്ടാകും. യാത്രാവിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് അന്വേഷണം പൂർത്തിയാക്കാനാണ് കോടതിയുടെ നിർദേശം. പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാ വീഴ്ച കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടതെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത നിലപാടെടുത്തു.

പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വാദം തുടരവെ കേന്ദ്രം ആവശ്യപ്പെട്ടു. എസ്പിജി നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് പഞ്ചാബിൽ നടന്നതെന്നും കേന്ദ്രം വാദിച്ചു.എന്നാൽ കുറ്റക്കാരാണെന്ന് തെളിയുന്നതിന് മുൻപ് എങ്ങനെ നടപടിയെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. കേന്ദ്രം നടത്തുന്ന അന്വേഷണം മരവിപ്പിക്കാൻ ഉത്തരവിട്ടിട്ടും പഞ്ചാബിലെ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ കോടതി അതൃപ്തിയും രേഖപ്പെടുത്തി. കാരണം കാണിക്കൽ നോട്ടീസും കോടതി മരവിപ്പിച്ചു. സുപ്രിം കോടതി ഉത്തരവിടുന്ന ഏത് അന്വേഷണവുമായും സഹകരിക്കുമെന്നായിരുന്നു പഞ്ചാബ് സർക്കാരിന്‍റെയും നിലപാട്.

Similar Posts