India
ക്ഷമിക്കണം, രാത്രി 10 മണിയായി; രാജസ്ഥാനിലെ റാലിയില്‍ മൈക്ക് ഒഴിവാക്കി മോദി
India

ക്ഷമിക്കണം, രാത്രി 10 മണിയായി; രാജസ്ഥാനിലെ റാലിയില്‍ മൈക്ക് ഒഴിവാക്കി മോദി

Web Desk
|
1 Oct 2022 5:19 AM GMT

രാജസ്ഥാനില്‍ രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ട്

ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്ക് മൂലം സിരോഹിയിലെ അബു റോഡ് ഏരിയയിലെ വേദിയിലെത്താന്‍ വൈകിയതോടെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുള്ളത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ തീരുമാനം. രാത്രി 10 മണിയായെന്നും ഉച്ചഭാഷിണി നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പറഞ്ഞ മോദി റാലിക്കെത്തിയ ജനങ്ങളോട് ക്ഷമയും ചോദിച്ചു. മൈക്ക് ഒഴിവാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജസ്ഥാനില്‍ രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ട്.

മൈക്ക് ഉപയോഗിക്കാതെ മോദി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രാത്രിയായിട്ടും തന്നെ കാണാന്‍ കാത്തിരുന്ന ജനങ്ങളോട് താന്‍ വീണ്ടും സിരോഹിയിലേക്ക് വരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. ''ഞാനെത്താന്‍ വൈകിപ്പോയി. ഇപ്പോള്‍ സമയം 10 മണി ആയിക്കഴിഞ്ഞിരിക്കുന്നു. ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നു. എന്നാൽ, ഞാൻ വീണ്ടും ഇവിടെ വരുമെന്നും നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും തിരികെ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു'' മോദി പറഞ്ഞു.

തുടര്‍ന്ന് വേദിയെ കുമ്പിട്ട് മോദി 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചപ്പോള്‍ സദസ് അതേറ്റു പറഞ്ഞു. ബി.ജെ.പി നേതാക്കളും സോഷ്യല്‍മീഡിയയും പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കാതിരുന്നത് മികച്ച തീരുമാനമാണെന്ന് നെറ്റിസണ്‍സ് കുറിച്ചു.


രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ, ഡെപ്യൂട്ടി രാജേന്ദ്ര റാത്തോഡ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. സിരോഹി, ദുംഗര്‍പൂര്‍, ബന്‍സ്വാര, ചിത്തോര്‍ഗഡ്, പ്രതാപ്ഗഡ്, ബന്‍സ്വാര, പാലി, ഉദയ്പൂര്‍ തുടങ്ങിയ ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകരും 40 നിയമസഭാ മണ്ഡലങ്ങളിലുള്ള സമീപ പ്രദേശങ്ങളും റാലിക്കായി അണിനിരന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന തെക്കൻ രാജസ്ഥാനിലെ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിക്കാനും സന്ദേശം നൽകാനുമാണ് റാലി ആസൂത്രണം ചെയ്തിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ അടുത്ത വർഷം അവസാനത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

Similar Posts