അവിശ്വാസ പ്രമേയ ചര്‍ച്ച: പ്രധാനമന്ത്രി രണ്ട് ദിവസവും സഭയിലെത്തിയില്ല, മറുപടി ഇന്ന്
|ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ 12 മണിക്കൂർ ആണ് ചർച്ച നടന്നത്
ഡല്‍ഹി: ഇൻഡ്യ മുന്നണിയുടെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. ലോക്സഭയിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് വൈകീട്ട് നാലു മണിക്കാണ് പ്രധാനമന്ത്രി മറുപടി നൽകുക. അവിശ്വാസ പ്രമേയ ചർച്ച ഇന്ന് പൂർത്തിയാകും.
ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ 12 മണിക്കൂർ ആണ് ചർച്ച നടന്നത്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന ഇൻഡ്യ മുന്നണിയുടെ ചർച്ചയിൽ കേന്ദ്ര സർക്കാരിൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി. രണ്ടാം ദിനം ആക്രമണത്തിന് നേതൃത്വം നൽകിയത് ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടിയ രാഹുൽ ഗാന്ധിയായിരുന്നു. മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റം, തൊഴിലില്ലായ്മ, മോദി - അദാനി കൂട്ടുകെട്ട്, ചൈനീസ് കടന്നുകയറ്റം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചയിൽ ഉയർത്തിക്കൊണ്ട് വന്നു. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും ആണ് ബി.ജെ.പി ഇതിനെ പ്രതിരോധിച്ചത്.
മണിപ്പൂർ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സഭയിൽ വിശദീകരിച്ചു. വിജയിക്കില്ലെങ്കിലും പ്രധാനമന്ത്രിയെ സഭയിൽ കൊണ്ടുവന്ന് മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇൻഡ്യ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ മുന്നൂറിൽ താഴെ പേരുടെ പിന്തുണ മതിയെന്നിരിക്കെ കേന്ദ്ര സർക്കാരിനെ മുന്നൂറ്റി അമ്പതിലെറെ അംഗങ്ങൾ പിന്തുണയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികൾ എൻ.ഡി.എക്ക് പുറത്ത് നിന്നും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അവിശ്വാസ പ്രമേയ ചര്‍ച്ച നടന്ന രണ്ട് ദിവസവും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തിയില്ല
അവിശ്വാസ പ്രമേയ ചർച്ചകൾക്കിടയിൽ ഒരു ദിവസം പോലും പ്രധാനമന്ത്രി പാർലമെന്റിൽ എത്തിയില്ല. എന്തുകൊണ്ട് മോദി മണിപ്പൂരിൽ പോയില്ല, പാർലമെന്റിലെ ഓഫീസിൽ ഉണ്ടായിട്ടു പോലും സഭയിൽ എത്താതിരിക്കുന്നത് എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിക്കുന്നത്. മോദിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബി.ജെ.പി അംഗങ്ങൾക്ക് കൃത്യമായി മറുപടിയില്ല. ഒരു ദിവസം കൊണ്ട് സൈന്യത്തിനു മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരാൻ കഴിയുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ ഈ ശേഷി സർക്കാർ ഉപയോഗപ്പെടുത്തുന്നില്ലെന്നും ഇന്നലെ രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞിരുന്നു.
ഫ്ലൈയിങ് കിസ് പോലുള്ള ആരോപണങ്ങൾ രാഹുലിനെതിരെ ഉയർത്തിയത് ബാലിശമെന്നു ഭരണ കക്ഷിക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. ഇന്നലെ അമിത് ഷാ രണ്ടു മണിക്കൂർ സംസാരിച്ചെങ്കിലും മണിപ്പൂർ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് അടക്കമുള്ള വാദമാണ് ഉന്നയിച്ചത്. യു.പി.എ കാലത്തെ അഴിമതിയും മോദി സ്തുതിയുമാണ് ലോക്സഭയിൽ മുഴങ്ങിക്കേട്ടത്. ചർച്ച കേൾക്കാതെ എങ്ങനെ മറുപടി പറയും എന്നാണ് മോദിയോട് കോൺഗ്രസ് ചോദിക്കുന്നത്.