India
രണ്ടാം മോദി സർക്കാറിന്റെ അവസാന പാർലമെന്റ് സമ്മേളനം; സമാപനദിനം ചർച്ചയായി രാമക്ഷേത്രം
India

രണ്ടാം മോദി സർക്കാറിന്റെ അവസാന പാർലമെന്റ് സമ്മേളനം; സമാപനദിനം ചർച്ചയായി രാമക്ഷേത്രം

Web Desk
|
10 Feb 2024 1:20 PM GMT

മുസ്‍ലിം ലീഗ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചർച്ച ബഹിഷ്കരിച്ചപ്പോൾ കോൺഗ്രസ് ചർച്ചയിൽ പങ്കെടുത്തു.

ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിന്റെ സമാപന ദിനം ചർച്ചയായി രാമക്ഷേത്ര നിർമാണം. മുസ്‍ലിം ലീഗ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചർച്ച ബഹിഷ്കരിച്ചപ്പോൾ കോൺഗ്രസ് ചർച്ചയിൽ പങ്കെടുത്തു. അംഗങ്ങൾക്ക് നന്ദി പറഞ്ഞ് പതിനേഴാം ലോക്സഭയുടെ അവസാന പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച ബജറ്റ് സമ്മേളനമാണ് ഇന്ന് അവസാനിക്കുന്നത്. രാമക്ഷേത്ര നിർമാണം ചർച്ച ചെയ്യാൻ ആണ് ഇന്നലെ അവസാനിക്കേണ്ടിയിരുന്ന സമ്മേളനം ഇന്നത്തേക്ക് കേന്ദ്ര സർക്കാർ നീട്ടിയതെന്ന് ചർച്ച ബഹിഷ്കരിച്ച മുസ്‍ലിം ലീഗ് എം.പിമാർ പറഞ്ഞു. കോൺഗ്രസ് ഉൾപ്പടെ ചില ഇൻഡ്യ മുന്നണി പാർട്ടികൾ ചർച്ചയിൽ പങ്കെടുത്തതിലെ നിരാശയും മുസ്‍ലിം ലീഗ് വ്യക്തമാക്കി.

ക്ഷേത്രം തകർത്ത് പള്ളി നിർമിച്ചെന്ന് സുപ്രിംകോടതി വിധി ഉദ്ധരിച്ചുള്ള സ്പീക്കറുടെ വാദം തെറ്റാണെന്ന് എ.ഐ.എം.ഐ.എം എം.പി അസദുദ്ധീൻ ഓവൈസി ലോക്സഭയിൽ തുറന്നുകാട്ടി. രാമചരിത്രമില്ലാതെ ഇന്ത്യാ ചരിത്രം അപൂർണമാണെന്ന് ചർച്ചയിൽ പങ്കെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യസഭയിൽ രാമക്ഷേത്ര നിർമാണം ചർച്ചക്കെടുക്കും മുൻപ് ധവളപത്രത്തെ കുറിച്ചാണ് ചർച്ച നടന്നത്. കേരളത്തിന് ലഭിച്ച വിഹിതം സംബന്ധിച്ച ജോൺ ബ്രിട്ടാസ് എം.പിയുടെ പരാമർശത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അതൃപ്തി പ്രകടിപ്പിച്ചു.

ഭാരത് രത്ന പുരസ്കാരം സംബന്ധിച്ച ചർച്ചയ്ക്ക് കീഴ്‌വഴക്കം ലംഘിച്ച് രാജ്യസഭാ ചെയർമാൻ അനുമതി നൽകിയതിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ അതൃപ്തി രേഖപ്പെടുത്തി. കർഷക നേതാവായ ചൗധരി ചരൺ സിങ്ങിന് ഭാരത് രത്ന ലഭിച്ച വിവരം പങ്കുവെക്കാനാണ് ചെറുമകനായ ജയന്ത് ചൗധരിക്ക് സമയം നൽകിയതെന്ന് ചർച്ചയ്ക്ക് അനുമതി നൽകിയതിനെ ന്യായീകരിച്ച് രാജ്യസഭാ അധ്യക്ഷനും പറഞ്ഞു.

Similar Posts