India
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ്  ഹീരാബെൻ അന്തരിച്ചു
India

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു

Web Desk
|
30 Dec 2022 1:19 AM GMT

അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു.ഇന്ന് പുലർച്ചെ അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു. മരണവിവരമറിഞ്ഞ് ഗാന്ധി നഗറിലെ വസതിയിൽ എത്തിയ മോദി അമ്മ ഹീര ബെന്നിന് അന്തിമോപചാരം അർപ്പിച്ചു.തുടര്‍ന്ന് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിലാപയാത്രയും പൊതു ദർശനവും ഒഴിവാക്കിയായിരുന്നു ഗാന്ധി നഗർ ശ്മശാനത്തിൽ ഹീര ബെന്നിൻ്റെ സംസ്കാര ചടങ്ങുകൾ. സഹോദരങ്ങൾക്ക് ഒപ്പം നരേന്ദ്ര മോദിയും ചേർന്നാണ് ചിതയ്ക്കു തീ പകർന്നത്.

കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ച മാതാവിനെ കാണാൻ പ്രധാനമന്ത്രി ആശുപത്രിയില്‍ എത്തിയിരുന്നു. 1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. കൂടാതെ അഞ്ച് ആൺമക്കളും ഒരു പെൺകുട്ടിയുമാണുള്ളത്.

നരേന്ദ്രമോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയ്ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്.ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

അമ്മയുടെ വിയോഗം സ്വകാര്യ ദുഃഖമാണെന്നറിയിച്ച പ്രധാന മന്ത്രി മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമുള്ള പശ്ചിമ ബംഗാളിലെ പൊതുപരിപാടികളിൽ വീഡിയൊകോൺഫറൻസ് വഴി പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമു, രാഹുൽ ഗാന്ധി, വിവിധ കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ ഹീര ബെന്നിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.



Similar Posts