'സനാതന ധർമ്മത്തെ തള്ളിപ്പറയുന്നവരെ ഇൻഡ്യാ സഖ്യം ആദരിക്കുന്നു': പ്രധാനമന്ത്രി
|ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് ഇൻഡ്യാ സഖ്യത്തിന്റെ ഫോർമുല എന്നും മോദി
ന്യൂഡൽഹി: ഇൻഡ്യാ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് ഇൻഡ്യാ സഖ്യത്തിന്റെ ഫോർമുല എന്നും സനാതന ധർമ്മത്തെ തള്ളിപ്പറയുന്നവരെ ആദരിക്കുകയാണ് ഇൻഡ്യാ സഖ്യമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ കോലാപൂരിൽ നടന്ന മഹാറാലിയിലായിരുന്നു മോദിയുടെ പരാമർശം.
"ഇൻഡ്യാ സഖ്യത്തിൽ നിന്ന് സർക്കാരുണ്ടാവുകയാണെങ്കിൽ അവരാദ്യം ചെയ്യുക പൗരത്വ നിയമഭേദഗതി റദ്ദാക്കുകയായിരിക്കും. പക്ഷേ ലോക്‌സഭയിൽ മൂന്നക്കം പോലും കടക്കാൻ കഴിയാത്ത അവരെങ്ങനെ സർക്കാർ ഉണ്ടാക്കും? ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. അവരെങ്ങാനും 5 വർഷം ഭരിച്ചാൽ അഞ്ച് പ്രധാനമന്ത്രിമാരാകും ഉണ്ടാവുക. വേറൊരു രാഷ്ടമുണ്ടാക്കുമെന്നാണ് കർണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ അവർ പ്രസംഗിക്കുന്നത്. ഛത്രപതി ശിവജി മഹാരാജിന്റെ നാടിന് ഇതംഗീകരിക്കാനാവുമോ?
സനാതന ധർമത്തെ തള്ളിപ്പറയുന്നവരാണ് ഡിഎംകെ പാർട്ടി. കോൺഗ്രസിന് വളരെ പ്രിയപ്പെട്ടവരാണവർ. സനാതന ധർമം ഡെങ്കിപ്പനിയും മലേറിയയുമൊക്കെയാണെന്നാണവർ പറയുന്നത്. ഇൻഡ്യാ സഖ്യം മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് അവരെ ആദരിച്ചു. അതാണ് ഇൻഡ്യാ സഖ്യം. വെറുപ്പിന്റെ രാഷ്ട്രീയവും ദേശവിരുദ്ധതയുമാണ് കോൺഗ്രസിന്റെയും ഇൻഡ്യാ സഖ്യത്തിന്റെയും നേട്ടങ്ങൾ". മോദി പറഞ്ഞു.
updating