ടോസിട്ടില്ല, കമന്‍ററി ബോക്സിലെത്തിയില്ല; മൊട്ടേരയിൽ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ ആന്തണിയെ സാക്ഷിനിര്‍ത്തി 'മോദിപ്രദർശനം'
|ആത്മരതി മുടക്കമില്ലാതെ തുടരുന്നുവെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്
അഹ്മദാബാദ്: ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന മത്സരം അഹ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിൽ ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പങ്കെടുത്ത പ്രത്യേക ചടങ്ങുകളോടെ. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് സൗഹൃദത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കാനായായിരുന്നു സ്‌റ്റേഡിയത്തിൽ മോദിയും ആന്തണിയും എത്തിയത്. നരേന്ദ്ര മോദിയുടെ തന്നെ പേരിലുള്ള ഗ്രൗണ്ടിൽ ഓസീസ് പ്രധാനമന്ത്രിക്കൊപ്പം താരങ്ങളെ പരിചയപ്പെട്ടും ഗ്രൗണ്ടിൽ വലംവച്ചും സെൽഫിയെടുത്തും സർവം മോദിമയമായിരുന്നു മത്സരം.
ഇന്നു രാവിലെ മത്സരത്തിന്റെ ടോസിടുക മോദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കളി ആരംഭിച്ച് ഏതാനും മിനിറ്റുകൾ മത്സരത്തിന്റെ തത്സമയ വിവരണം നൽകാൻ മോദി കമന്ററി ബോക്‌സിലെത്തുമെന്നും ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം മോദി ടോസിടുകയോ കമന്ററി പറയുകയോ ഒന്നുമുണ്ടായില്ല. പകരം, താരങ്ങളെ പരിചയപ്പെട്ടും ദേശീയഗാനത്തിനൊപ്പം ചേർന്നുമെല്ലാം മോദി നിറഞ്ഞുനിന്നു.
മോദിയും ആന്തണിയും ഇരുടീമുകളുടെയും ക്യാപ്റ്റന്മാരായ രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും ക്യാപ് കൈമാറിയായിരുന്നു തുടക്കം. തുടർന്ന് ഇരുനേതാക്കളും പ്രത്യേക വാഹനത്തിൽ ഗ്രൗണ്ടിൽ വലവയ്ക്കുകയും ക്രിക്കറ്റ് ആരാധകർക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. ദേശീയഗാനം ആലപിക്കാനായി താരങ്ങൾ ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ മോദിയും ഒപ്പംനിന്നു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ഒപ്പമായിരുന്നു മോദി ഗ്രൗണ്ടിൽ നിന്നത്. മത്സരത്തിനു മുന്നോടിയായി രോഹിത് ഇന്ത്യൻ താരങ്ങളെ മോദിക്കും സ്മിത്ത് ഓസീസ് താരങ്ങളെ ആന്തണിക്കും പരിചയപ്പെടുത്തി.
ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നി ആൽബനീസിന് അദ്ദേഹത്തിന്റെ ഛായാചിത്രം സമർപ്പിച്ചപ്പോൾ മോദിക്ക് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ചിത്രം കൈമാറി. മത്സരത്തിനിടെ സ്‌റ്റേഡിയത്തിൽ പുതുതായി ഒരുക്കിയ 'ഹാൾ ഓഫ് ഫെയിം' ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏതാനും മിനിറ്റുകൾ സ്റ്റേഡിയത്തിലിരുന്ന് ചായ കുടിച്ചും സെൽഫിയെടുത്തും മത്സരം ആസ്വദിച്ച ശേഷമാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്.
അതേസമയം, ക്രിക്കറ്റ് മത്സരത്തിനിടെയുള്ള രാഷ്ട്രീയത്തെ വിമർശിച്ച് കോൺഗ്രസും രംഗത്തെത്തി. ആത്മരതി മുടക്കമില്ലാതെ തുടരുന്നുവെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. നരേന്ദ്ര മോദിയുടെ ചിത്രം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ കൂടിയായ ജയ് ഷാ സമർപ്പിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദിയുടെ ആത്മരതിയെ വിമർശിക്കുന്ന പോസ്റ്റ് പങ്കുവച്ചും ജയറാം രമേശ് വിമർശനം തുടർന്നു. സ്വന്തം പോസ്റ്ററിനു താഴെ സ്വന്തം മന്ത്രിയുടെ മകനിൽനിന്ന് സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം ഫോട്ടോ ഏറ്റുവാങ്ങുന്നുവെന്നായിരുന്നു പോസ്റ്റിൽ പരിഹസിച്ചത്. താൻപോരിമയുടെ അങ്ങേയറ്റമാണിതെന്നും പോസ്റ്റിൽ വിമർശിക്കുന്നു.
ആദ്യദിനം ചായയ്ക്കുശേഷം നാലു വിക്കറ്റിന് 180 റൺസ് എന്ന നിലയിൽ ഭേദപ്പെട്ട നിലയിലാണ് ആസ്‌ട്രേലിയ. ആദ്യത്തെ രണ്ടു വിക്കറ്റുകൾ പെട്ടെന്നു പോയ ശേഷം ക്യാപ്റ്റൻ സ്മിത്തിനൊപ്പം ചേർന്ന് ഓപണർ ഉസ്മാൻ ഖവാജയാണ് സന്ദർശകരെ കരകയറ്റിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഖവാജ(75)യും കാമറോൺ ഗ്രീനും(അഞ്ച്) ആണ് ക്രീസിലുള്ളത്.