അയോധ്യ ക്ഷേത്രം, ലീഗ് മുദ്ര; തെരഞ്ഞെടുപ്പ് റാലികളിൽ മതവികാരം ഉയർത്തി നരേന്ദ്രമോദി
|പ്രധാനമന്ത്രി വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടന പത്രികയ്ക്കെതിരെയുള്ള വിമർശനത്തിൽ മതവികാരം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലിം ലീഗ്, അയോധ്യ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മോദിയുടെ പ്രസംഗങ്ങള്‍. ശനിയാഴ്ച സഹാറന്‍പൂരിലെ ബിജെപി റാലിയിലായിരുന്നു ലീഗിനെ കുറിച്ചുള്ള പരാമര്‍ശം. രാജസ്ഥാനിലെ ജയ്പൂരിലും ബിഹാറിലെ നവാഡയിലും സംഘടിപ്പിച്ച റാലികളില്‍ അയോധ്യ പ്രധാനപ്പെട്ട വിഷയമായി.
കോണ്‍ഗ്രസ് പ്രകടന പത്രികയുടെ മെറിറ്റിലേക്ക് കടക്കാതെ, വര്‍ഗീയ ധ്രുവീകരണ ശ്രമമാണ് മോദി നടത്തുന്നത് എന്ന വിമര്‍ശനമുണ്ട്. പ്രകടന പത്രിക മുസ്ലിം ലീഗിന്റെ മുദ്ര പേറുന്നതാണ് എന്നായിരുന്നു മോദിയുടെ സഹാറന്‍പൂരില്‍ പ്രസംഗിച്ചത്.
'പ്രകടന പത്രികയുടെ ഓരോ പേജും ഇന്ത്യയെ തുണ്ടം തുണ്ടമാക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗിൽ നിലനിന്നിരുന്ന അതേ ചിന്തയാണ് കോൺഗ്രസ് മാനിഫെസ്റ്റോയിലുള്ളത്. മുസ്ലിം ലീഗിന്റെ മുദ്ര പേറുന്നതാണിത്. ബാക്കിയുള്ള കാര്യങ്ങളിൽ ഇടതുപക്ഷ മേധാവിത്വവും' - മോദി പറഞ്ഞു.
അയോധ്യയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ; 'രാമക്ഷേത്ര പ്രതിഷ്ഠയിലേക്കുള്ള സന്ദർശനത്തെ എതിർക്കുന്നത് ശരിയാണോ? ഇത് മാത്രമല്ല, ആരെങ്കിലും സന്ദർശിച്ചാൽ അവരെ കോൺഗ്രസ് പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കും. ഇതീ രാജ്യത്ത് സംഭവിക്കാൻ പാടുണ്ടോ. രാമനില്ലാത്ത രാജ്യത്തെ സങ്കൽപ്പിക്കാൻ കഴിയുമോ? രാമനോട് എന്തിനാണ് ഇത്ര ശത്രുത? ഇതെനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല. രാമന് സ്ഥിരമായ വാസസ്ഥാനം ലഭിച്ചു. രാമനവമി വരികയാണ്. ആളുകൾ ആഘോഷിക്കാൻ തുടങ്ങുന്നു. നിങ്ങൾ എത്രത്തോളം എതിർക്കുമെന്ന് നമുക്ക് നോക്കാം.'
ഞായറാഴ്ച ബിഹാറിലെ നവാഡയിൽ നടന്ന റാലിയിലും മോദി അയോധ്യ വിഷയം ഉന്നയിച്ചു. രാമക്ഷേത്രം മോദി നൽകിയ വാഗ്ദാനമായിരുന്നു എന്നും അത് പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. 'അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് അയോധ്യയിൽ രാമക്ഷേത്രം ആകാശം തൊട്ടു നിൽക്കുന്നു. രാമക്ഷേത്ര നിർമാണം തടയാൻ കോൺഗ്രസും ആർജെഡിയും ശ്രമിച്ചു. ദേശവാസികളുടെ പണം ഉപയോഗിച്ചാണ് രാമക്ഷേത്രം നിർമിച്ചത്. സർക്കാറിന്റെ പണം ഉപയോഗിച്ചല്ല. രാജ്യത്തെ ജനങ്ങളാണ് അതു നിർമിച്ചത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടിക്കില്ലെന്നാണ് ചിലർ പറഞ്ഞത്. അതിനോട് വിരോധം കാട്ടി. അവരുടെ വോട്ടിന്റെ കട തന്നെ പൂട്ടിപ്പോകും.'- എന്നായിരുന്നു മോദിയുടെ പ്രസംഗം.
മോദിയുടെ പരാമർശങ്ങൾക്കെതിരെ ശക്തമായി രംഗത്തു വന്ന കോൺഗ്രസ്, പ്രധാനമന്ത്രി വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 1940കളിൽ മുസ്ലിം ലീഗും ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിലുള്ള ജനസംഘും കൂട്ടുകക്ഷി മന്ത്രിസഭയിൽ ഭരണം പങ്കിട്ട കാര്യവും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഓർമപ്പെടുത്തി.
Summary: Congress manifesto and pm modi criticism