India
പാർലമെന്റിൽ മാസ്‌ക്, കല്യാണത്തിന് മാസ്‌കും കോവിഡ് പ്രോട്ടോക്കോളുമില്ല; പ്രധാനമന്ത്രി മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശം
India

'പാർലമെന്റിൽ മാസ്‌ക്, കല്യാണത്തിന് മാസ്‌കും കോവിഡ് പ്രോട്ടോക്കോളുമില്ല'; പ്രധാനമന്ത്രി മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശം

Web Desk
|
23 Dec 2022 3:05 AM GMT

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയയുടെ അനന്തരവന്റെ വിവാഹ സൽക്കാര ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാർക്കും പ്രമുഖ ബി.ജെ.പി നേതാക്കൾക്കുമൊപ്പം പങ്കെടുത്തത്

ന്യൂഡൽഹി: ഒമിക്രോണിന്റെ പുതിയ ഉപവകഭേദം 'ബിഎഫ്.7' ഭീതിക്കിടെ രാജ്യവും ഇടവേളയ്ക്കുശേഷം ശക്തമായ കോവിഡ് പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയാണ്. മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ഇന്നലെ പാർലമെന്റിൽ മാസ്‌ക് ധരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും ഇതു പിന്തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഭാരത് ജോഡോ യാത്ര'യെ ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നായിരുന്നു പരാതി. പ്രധാനമന്ത്രി പാർലമെന്റിൽ മാസ്‌ക് ധരിച്ച ചിത്രവും ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള രാഹുൽ ഗാന്ധിയുടെ മാസ്‌കില്ലാത്ത ചിത്രവും പങ്കുവച്ചാണ് ബി.ജെ.പി ആക്രമണം.

ഇതിനിടെ, പ്രധാനമന്ത്രി മോദിയുടെ ഇരട്ടത്താപ്പ് ചോദ്യംചെയ്ത് സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഒരു വിവാഹചടങ്ങിൽ മോദി മാസ്‌കും കോവിഡ് പ്രോട്ടോക്കോളുമില്ലാതെ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയയുടെ അനന്തരവന്റെ വിവാഹ സൽക്കാര ചടങ്ങിലാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാർക്കും പ്രമുഖ ബി.ജെ.പി നേതാക്കൾക്കുമൊപ്പം പങ്കെടുത്തത്. ഇത് ബി.ജെ.പിയെ തിരിച്ചാക്രമിക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്.

കൈലാഷിന്റെ സഹോദരൻ വിജയിയുടെ മകൻ മനു വിജയവാർഗിയയുടെ വിവാഹ സൽക്കാര ചടങ്ങാണ് കേന്ദ്രമന്ത്രി നരേന്ദ്ര തോമറിന്റെ വസതിയിൽ നടന്നത്. വൻ ജനക്കൂട്ടത്തിനിടയിലേക്കെത്തിയ മോദി നേരെ വേദിയിലെത്തി നവദമ്പതികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ചടങ്ങിൽ ഉടനീളം മാസ്‌കും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വ്യവസായികളുമെല്ലാം ചടങ്ങിൽ സംബന്ധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നരേന്ദ്ര തോമർ, പിയൂഷ് ഗോയൽ, ലോക്‌സഭാ സ്പീക്കർ ഓം ബിർല, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ശതകോടീശ്വരൻ ഗൗതം അദാനി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ തുടങ്ങിയ വൻ വി.ഐ.പി പട തന്നെ ചടങ്ങിനെത്തിയിരുന്നു. വിവാഹചടങ്ങിൽ മോദി പങ്കെടുക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മോദിജി കഴിഞ്ഞ ദിവസം രാത്രി നടന്ന വിവാഹചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന പരിഹാസ കമന്റോടെയാണ് ചത്തീസ്ഗഢ് കോൺഗ്രസിന്റെ സേവാദൾ സോഷ്യൽ മീഡിയ വിഭാഗം ചുമതല വഹിക്കുന്ന മനീഷ് തിവാരി വിഡിയോ പങ്കുവച്ചത്. 'പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നു. കോവിഡ് പ്രോട്ടോക്കോളില്ല, മാസ്‌കുമില്ല. പക്ഷെ, രാഹുൽ ഗാന്ധി കോവിഡ് പ്രോട്ടോക്കോൾ ധരിക്കണം.'-കോൺഗ്രസ് പ്രവർത്തകയായ സുരഭി ട്വീറ്റ് ചെയ്തു.

Summary: Social media questions double stand of the PM Narendra Modi, who attended the wedding reception of the nephew of the BJP National General Secretary Kailash Vijayvargiya along with Union Ministers and prominent BJP leaders, while he asks the poople to follow Covid protocol

Similar Posts