നരേന്ദ്രമോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും; പ്രവാചകനിന്ദ ചർച്ചയായേക്കും
|പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദർശനം നടത്തിയത് 2019 ഓഗസ്റ്റിലായിരുന്നു
പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദി യുഎഇ സന്ദർശനത്തിനൊരുങ്ങുന്നു. ഈ മാസം 28നാണ് മോദിയുടെ സന്ദർശനം. ജർമനിയിൽ പ്രധാനമന്ത്രി ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് യുഎഇയിലെത്തുക. ജി7 ഉച്ചകോടി ജൂൺ 26 മുതൽ 28 വരെ ബവാരിയൻ ആൽപ്സിലെ സ്‌കോൾസ് എൽമാവുവിലാണ് നടക്കുന്നത്. യുഎഇ പുതിയ പ്രസിഡന്റിന് നരേന്ദ്ര മോദി അഭിവാദ്യം അർപ്പിക്കും.
പ്രവാചക നിന്ദാ പരാമർശത്തിൽ അടക്കം കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. സ്വതന്ത്ര വ്യാപാര കരാറിലും ഈ വർഷം ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും
പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദർശനം നടത്തിയത് 2019 ഓഗസ്റ്റിലാണ്. അന്ന് ഓർഡർ ഓഫ് സയ്യിദ് പുരസ്‌കാരം മോദിക്ക് ലഭിച്ചിരുന്നു. യുഎഇയിലെ ഏറ്റവും ഉയർന്ന അവാർഡായിരുന്നു ഇത്. 2015ലും 2018ലും പ്രധാനമന്ത്രി യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു.