'ബി.ജെ.പി വന്നതിന് ശേഷമല്ല രാജ്യം നേട്ടങ്ങൾ കാണുന്നത്'; മോദിക്ക് ചിദംബരത്തിന്‍റെ മറുപടി
|ജർമനിയിലെത്തിയ പ്രധാനമന്ത്രി ജി 7 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ ജനതയോട് സംസാരിച്ചതില്‍ കൂടുതലും ബി.ജെ.പി സർക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.
ജി 7 ഉച്ചകോടിയുടെ ഭാഗമായി ജർമനിയിലെത്തി ബി.ജെ.പി സർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. 2014 വരെ ഇന്ത്യയിൽ സംഭവിച്ചത് വികസനങ്ങളും അതിലേക്കുള്ള മുന്നൊരുക്കങ്ങളുമായിരുന്നെന്നും ഇപ്പോൾ നടക്കുന്നത് ആ പദ്ധതികളുടെ തുടർച്ച മാത്രമാണെന്നും ചിദംബരം പറഞ്ഞു. നേരത്തെ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്‍റെ ഗ്രാമത്തിലടക്കം വൈദ്യുതി സൗകര്യം എത്തിച്ചത് എന്‍.ഡി.എ സര്‍ക്കാര്‍ വലിയ വാർത്തയാക്കിയിരുന്നു.
ജർമനിയിലെത്തിയ പ്രധാനമന്ത്രി ജി 7 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ ജനതയോട് സംസാരിച്ചതില്‍ കൂടുതലും ബി.ജെ.പി സർക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.
''ഇന്ത്യയില്‍ വികസനങ്ങളെത്താനുള്ള സ്ഥലങ്ങള്‍ ഇനിയുമുണ്ട്, പല സൗകര്യങ്ങളും എത്തിയിട്ടില്ലാത്ത പല ഗ്രാമങ്ങളുമുണ്ട്. ഇതുവരെ വൈദ്യുതി പോലുമെത്തിയിട്ടിലാത്ത എത്രയെത്ര ഗ്രാമങ്ങള്‍. ഇന്ത്യയിലെ ആയിരക്കണക്കിന് വീടുകളിൽ ഇന്നും വൈദ്യുതി ഇല്ല. പക്ഷേ അത് സമ്മതിക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല... സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള 75 വര്‍ഷക്കാലവും വികസനങ്ങളുടെ ഓരോ ചുവടുവെപ്പും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രധാനമന്ത്രി ഈ സത്യം അംഗീകരിക്കണം. ബി.ജെ.പി വന്നതിന് ശേഷം മാത്രമല്ല ഈ രാജ്യം നേട്ടങ്ങൾ കാണുന്നത്. ഇന്ന് നടക്കുന്നതൊക്കെ മുമ്പ് ചെയ്തതിന്‍റെ തുടർച്ചകൾ മാത്രമാണ്, അതോര്‍ക്കണം''- ചിദംബരം പറഞ്ഞു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോദി ജർമനിയിലാണ്. അവിടെ മ്യൂണിക്കിൽ വെച്ച് ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.