ഇറ്റലിയും യു.കെയും സന്ദർശിക്കാൻ പ്രധാനമന്ത്രി; ജി20 യിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കും
|ഒക്‌ടോബർ 29 മുതൽ നവംബർ രണ്ടുവരെയായി ജി20 യിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കും
ഒക്‌ടോബർ 29 മുതൽ നവംബർ രണ്ടുവരെയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയും യു.കെയും സന്ദർശിക്കും. ജി20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കും. ഇറ്റലിയിലെ റോമിൽ നടക്കുന്ന 16ാമത് ജി20 ഉച്ചകോടി ഒക്‌ടോബർ 30നാണ് തുടങ്ങുന്നത്. അഫ്ഗാൻ സാഹചര്യം, കോവിഡ് പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഉന്നയിക്കും. നവംബർ ഒന്നിനും രണ്ടിനുമായി ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP 26 വേൾഡ് ലീഡേഴ്‌സ് സമ്മിറ്റിലും പ്രധാനമന്ത്രി പങ്കെടുക്കും.
ജി 20 പ്രധാന സാമ്പത്തിക രംഗമുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ്മയാണ്. ആഗോള ജി.ഡി.പിയുടെ 80 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയാണ്. 75 ശതമാനം ആഗോള വാണിജ്യവും ലോകത്തെ 60 ശതമാനം ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്. കോവിഡ് പ്രതിരോധത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പുറമേ ലോകരാജ്യങ്ങളിലെ ദാരിദ്ര്യ നിർമാർജനവും ഉച്ചകോടിയിൽ ചർച്ചയാകും.
COP 26 ഒക്‌ടോബർ 31 മുതൽ നവംബർ 12 വരെയായി യു.കെയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 120 ലധികം രാജ്യങ്ങളുടെ തലവന്മാർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും. പാരിസ് ഉടമ്പടി നിർദേശങ്ങളുടെ പൂർത്തീകരണം, കാലാവസ്ഥ വ്യതിയാനവും പരിഹാരവും, സാങ്കേതിക വളർച്ച തുടങ്ങിയവ ചർച്ചയാകും. ഉച്ചകോടിക്ക് പുറമേ നിരവധി രാജ്യങ്ങളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.