India
പോക്‌സോ നിയമത്തില്‍ ലൈംഗികബന്ധത്തിനുള്ള സമ്മത പ്രായം പുനഃപരിശോധിക്കണം; പാർലമെന്റിനോട് ചീഫ് ജസ്റ്റിസ്
India

'പോക്‌സോ നിയമത്തില്‍ ലൈംഗികബന്ധത്തിനുള്ള സമ്മത പ്രായം പുനഃപരിശോധിക്കണം'; പാർലമെന്റിനോട് ചീഫ് ജസ്റ്റിസ്

Web Desk
|
11 Dec 2022 7:06 AM GMT

പ്രണയവും ഉഭയസമ്മതവും പരിഗണിക്കാതെ 18 വയസിനു താഴെ പ്രായമുള്ളവരുമായുള്ള ലൈംഗിക ബന്ധമെല്ലാം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം പുനഃപരിശോധിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആവശ്യപ്പെട്ടത്

ന്യൂഡൽഹി: പോക്‌സോ നിയമത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി കുറക്കുന്നതിനെക്കുറിച്ച് പുനഃപരിശോധിക്കാൻ പാർലമെന്റിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. പ്രണയവും ഉഭയസമ്മതവും പരിഗണിക്കാതെ 18 വയസിനു താഴെ പ്രായമുള്ളവരുമായുള്ള ലൈംഗിക ബന്ധമെല്ലാം കുറ്റകൃത്യമായി കണക്കാക്കുന്ന പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ശിശുസംരക്ഷണ വിഷയത്തിൽ ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് പോക്‌സോ നിയമവുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണതകൾ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്. 2012 പോക്‌സോ നിയമത്തിന്റെ പ്രയോഗവൽക്കരണം പ്രമേയമായ പരിപാടിയിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി, സുപ്രിംകോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപേഴ്‌സൺ രവീന്ദർ ഭട്ട്, ജസ്റ്റിസ് ബി.വി നാഗരത്‌ന, യൂനിസെഫിന്റെ ഇന്ത്യൻ പ്രതിനിധി സിന്തിയ മക്കാഫ്രി, വിവിധ സുപ്രിംകോടതി-ഹൈക്കോടതി-പോക്‌സോ കോടതി ജഡ്ജിമാർ എന്നിവരും പങ്കെടുത്തിരുന്നു. പോക്‌സോ കേസുകളിലെ പ്രണയവും ലൈംഗികബന്ധത്തിനുള്ള ഉഭയകക്ഷി സമ്മതവും പരിപാടിയിൽ ചർച്ചയായിരുന്നു.

'പോക്‌സോ നിയമപ്രകാരം 18 വയസിനു താഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധങ്ങളെല്ലാം കുറ്റകരമാണ്. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ ഉഭയസമ്മതമുണ്ടായിരുന്നോ എന്ന കാര്യം ബാധകമല്ല. ഞാൻ ജഡ്ജിയായിരിക്കെ ഇത്തരം കേസുകൾ ജഡ്ജിമാർക്കുമുന്നിൽ പ്രശ്‌നംപിടിച്ച ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. കുട്ടികളുടെ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ടുള്ള വിശ്വാസയോഗ്യമായ വിദഗ്ധ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ ഇക്കാര്യം നിയമനിർമാണസഭ പരിശോധിക്കണം.'-ജസ്റ്റിസ് ചന്ദ്രചൂഢ് ആവശ്യപ്പെട്ടു.

2012ൽ അവതരിപ്പിച്ച ലിംഗഭേദമില്ലാത്ത പോക്‌സോ നിയമം ഇന്ത്യയിലെ ശിശു അവകാശ ചരിത്രത്തിലെ നിർണായക നിമിഷമായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക കേസുകളിൽ, അവരുടെ നന്മയ്ക്കു പ്രാമുഖ്യം നൽകിയുള്ള ഒരു സവിശേഷമായ നീതിന്യായ സംവിധാനമാണ് അതുവഴി നടപ്പിലായത്. എന്നാൽ, പോക്‌സോ നിയമത്തിന്റെ പ്രയോഗം നീണ്ടൊരു യാത്രയിലെ ആദ്യഘട്ടം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Summary: Chief Justice of India DY Chandrachud urged Parliament to consider the growing concern surrounding the issue of age of consent under the Protection of Children from Sexual Offences (Pocso) Act as it posed challenges for judges examining cases of consensual sex involving adolescents

Similar Posts