![POCSO case against Yeddyurappa; Tried to influence survivor with money: CID chargesheet,bjp,cid,latest news,യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസ്; അതിജീവതയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു: സി.ഐ.ഡി കുറ്റപത്രം POCSO case against Yeddyurappa; Tried to influence survivor with money: CID chargesheet,bjp,cid,latest news,യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസ്; അതിജീവതയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു: സി.ഐ.ഡി കുറ്റപത്രം](https://www.mediaoneonline.com/h-upload/2021/07/17/1236726-yedurappa-1.webp)
യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസ്; അതിജീവിതയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സി.ഐ.ഡി കുറ്റപത്രം
![](/images/authorplaceholder.jpg?type=1&v=2)
സഹായം ചോദിച്ചെത്തിയ പെൺകുട്ടിയെ യെദ്യൂരപ്പ തന്റെ വീട്ടിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ കേസിലെ പ്രതികളായ ബിജെപി നേതാവും മറ്റ് മൂന്ന് പ്രതികളും പീഡിനത്തിനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും പണം നൽകിയെന്നാണ് സി.ഐ.ഡി പോക്സോ അതിവേഗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രധാന ആരോപണം.
81 കാരനായ യെദ്യൂരപ്പയ്ക്കെതിരെ പോക്സോ വകുപ്പുകളുൾപ്പടെ ചുമത്തിയിട്ടുണ്ട്. യെദ്യൂരപ്പയുടെ സഹായികളായ മറ്റ് മൂന്ന് കൂട്ടുപ്രതികളായ വൈ.എം അരുൺ ,എം. രുദ്രേഷ് , ജി മാരിസ്വാമി എന്നിവർക്കെതിരെയും കുറ്റപത്രം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സഹായം ചോദിച്ചെത്തിയപ്പോഴാണ് മകളെ പീഡിപ്പിച്ചതെന്നാണ് 17 കാരിയുടെ അമ്മയുടെ പരാതി.പെൺകുട്ടിയുടെ അമ്മ മാർച്ച് 14ന് യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ,ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.
ഈ വർഷം ഫെബ്രുവരി രണ്ടിന് 17 കാരി തന്റെ 54 കാരിയായ അമ്മയ്ക്കൊപ്പം യെദ്യൂരപ്പയെ ഡോളേഴ്സ് കോളനിയിലെ വസതിയിൽ സന്ദർശിച്ചു. മുമ്പ് നേരിട്ട ലൈംഗികാതിക്രമക്കേസിൽ നീതി ലഭിക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായാണ് ഇരുവരും യെദ്യൂരപ്പയുടെ വീട്ടിൽ സന്ദർശിച്ചത്. അമ്മയുമായി എത്തിയ കുട്ടിയെ യെദ്യൂരപ്പ തന്റെ വീട്ടിലെ റൂമിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.
പീഡനത്തെ സംബന്ധിച്ച് പെൺക്കുട്ടിയുടെ അമ്മ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പുറത്തുവിട്ടു. ഇത് വൈറലായതിനെ തുടർന്ന് യെദ്യൂരപ്പയുടെ സഹായികളും കേസിലെ പ്രതികളുമായ രുദ്രേഷും അരുണും വീഡിയോ നീക്കം ചെയ്യണമെന്നും അതിന് പ്രതിഫലമായി പണം നൽകാമെന്ന് പറഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.