ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം
|ശനിയാഴ്ച രാത്രി വിജയവാഡയിൽ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻടിആർ പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് എൻടിആർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്‌സ് അഡീഷണൽ ഡിസിപി ആർ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഫോൺ, വാട്ട്‌സ്ആപ്പ് വഴിയോ നേരിട്ടോ താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടാം, വിവരം നൽകുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡിസിപിയെ 9490619342 എന്ന നമ്പറിലും അഡീഷണൽ ഡിസിപിയെ 9440627089 എന്ന നമ്പരിലും ബന്ധപ്പെടാം.
ശനിയാഴ്ച രാത്രി വിജയവാഡയിൽ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്. റോഡ് ഷോക്കിടെ കല്ലേറുണ്ടാവുകയും ജഗന്‍റെ ഇടതു കണ്ണിന് മുകളിലായി നെറ്റിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വൈഎസ്ആർ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ 'മേമന്ദ സിദ്ധം' (ഞങ്ങൾ തയ്യാർ) ബസ് യാത്രയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ചു മുഖ്യമന്ത്രിയെ ഹാരം അണിയിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽനിന്ന് അജ്ഞാതൻ കല്ലെറിയുകയായിരുന്നു. ഉടൻതന്നെ മുഖ്യമന്ത്രിയെയും പാർട്ടി എംഎൽഎയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക ശ്രുശ്രൂഷയ്ക്ക് ശേഷം ജഗൻ മോഹൻ റെഡ്ഡി യാത്ര തുടർന്നു. ആക്രമണത്തിനു പിന്നിൽ ടിഡിപി പ്രവർത്തകരാണെന്നാണ് വെഎസ്ആർ കോൺഗ്രസിന്‍റെ ആരോപണം.