ട്രെയിനി കേഡറ്റിന്റെ മരണം; ആറ് വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
|വിങ് കമാൻഡർ, ഗ്രൂപ്പ് ക്യാപ്റ്റൻ, എയർ കമാൻഡർ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
ബംഗളൂരു: ബെംഗളൂരുവിലെ ജലഹള്ളിയിലെ എയർഫോഴ്‌സ് ടെക്‌നിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ആറ് വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 27 കാരനായ അങ്കിത് ഝായെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിലുൾപ്പെട്ടവരുടെ പേരുകൾ അടങ്ങിയ ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു.ഇതിൽ വിങ് കമാൻഡർ, ഗ്രൂപ്പ് ക്യാപ്റ്റൻ, എയർ കമാൻഡർ തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചിരുന്നു. തുടർന്ന് അങ്കിതിന്റെ സഹോദരൻ അമൻ ഝാ ശനിയാഴ്ച ഗംഗമ്മന ഗുഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥർ തന്റെ മുന്നിൽ വെച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം, മരണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരണത്തിന് മുമ്പ് തന്നെ ഉപദ്രവിക്കുമെന്ന് ആരോപിക്കപ്പെടുന്ന ആറ് ഉദ്യോഗസ്ഥരെ കുറിച്ച് അങ്കിത് തന്റെ കുടുംബത്തെ അറിയിച്ചിരുന്നതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു.
'അങ്കിത് കുമാർ ഝായ്ക്കെതിരെ അച്ചടക്ക നടപടിയുടെ പേരിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ എഎഫ്‌ടിസിയിൽ നിന്ന് പുറത്താക്കി ഉത്തരവിറങ്ങിരുന്നു.ഇതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.