ബിജെപി സീറ്റ് തട്ടിപ്പ്: സംഘ്പരിവാർ നേതാവ് ചൈത്ര കുന്ദാപുര അഞ്ച് ലക്ഷം വാങ്ങി വഞ്ചിച്ചെന്ന് വ്യാപാരി; കേസ്
|തന്റെ പേരിൽ ഉടുപ്പിയിലും കുന്താപുരം കൊടയിലും തുണിക്കട തുടങ്ങിത്തരാമെന്ന് പറഞ്ഞാണ് ചൈത്ര പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
മംഗളൂരു: കർണാടകയിൽ ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ മുഖ്യപ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്ദാപുരയ്ക്കെതിരെ വീണ്ടും കേസ്. ചൈത്ര അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ കൊടി കന്യാന സ്വദേശിയും വ്യാപാരിയുമായ കെ. സുദിനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
തന്റെ പേരിൽ ഉടുപ്പിയിലും കുന്താപുരം കൊടയിലും തുണിക്കട തുടങ്ങിത്തരാമെന്ന് പറഞ്ഞാണ് ചൈത്ര പണം വാങ്ങിയതെന്ന് സുദിന കൊട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. 2015ലാണ് ചൈത്രയെ പരിചയപ്പെട്ടത്. ബി.ജെ.പി ഉന്നതങ്ങളിൽ തനിക്ക് വലിയ പിടിപാടുണ്ടെന്നും കേന്ദ്രമന്ത്രിമാരുമായും എം.എൽ.എമാരുമായും അടുത്ത ബന്ധമുണ്ടെന്നുമാണ് അവർ പറഞ്ഞത്.
2018നും 22നും ഇടയിൽ മൂന്ന് ലക്ഷം രൂപ തന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ചൈത്രയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി സുദിന പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൊടക് മഹീന്ദ്ര ബാങ്ക് വിജയവാഡ ശാഖ, കർണാടക ബാങ്ക് സസ്താൻ ശാഖ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിൽ നിന്നാണ് തുക അയച്ചതെന്നും ബാക്കി തുക പണമായും നൽകിയെന്നും പരാതിക്കാരൻ പറയുന്നു.
തുണിക്കടയുടെ കാര്യത്തിൽ പിന്നീട് യാതൊരു പ്രതികരണവും ഉണ്ടാവാത്തതോടെ സംശയം തോന്നി. ഒന്നുകിൽ കട തുടങ്ങിത്തരണം അല്ലെങ്കിൽ പണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൂടുതൽ സമയം വേണമെന്നും ഇനിയും പണം വേണമെന്നും പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ ഭീഷണിയാണ് ഉണ്ടായത്.
വ്യാജ ബലാത്സംഗ കേസ് കൊടുക്കുമെന്നും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുമെന്നും ഒക്കെയായിരുന്നു ഭീഷണി. ചൈത്ര അറസ്റ്റിലായത് അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും സുധീന വ്യക്തമാക്കി. സുദിനയുടെ പരാതിയിൽ കൊട പൊലീസ് ഐപിസി 506, 417, 420 വകുപ്പുകൾ പ്രകാരമാണ് ചൈത്ര കുന്ദപുരയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈത്ര കുന്ദാപുര അറസ്റ്റ് ഒഴിവാക്കാൻ മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയിരുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഉഡുപ്പിയിലെ യൂത്ത് കോൺഗ്രസ് നേതാവായ സുരയ്യ അൻജുമിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് 'ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 12ന് ഉഡുപ്പിയിലെ കൃഷ്ണമഠത്തിൽ നിന്നാണ് ചൈത്രയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ടു കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് നടപടിക്കിടെ ചൈത്ര മോതിരം വിഴുങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയതായും പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബോധരഹിതയായി വീണ ചൈത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് അഞ്ചു കോടി രൂപ തട്ടിയ കേസിലാണ് ചൈത്ര ഉൾപ്പെടെ ആറു പേർ പിടിയിലായത്. ഗോവിന്ദ് ബാബു പൂജാരി എന്ന ഉഡുപ്പി സ്വദേശിയായ വ്യവസായിയിൽ നിന്ന് പണം തട്ടിയെന്നാണ് ചൈത്രയ്ക്കെതിരായ കേസ്. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ച സംഘ്പരിവാർ യുവനേതാവാണ് ചൈത്ര കുന്ദാപുര.