India
The police have booked Madhavi Latha, Hyderabad BJP Lok Sabha candidate, for hate speech against Muslim community and shooting-arrow gesture towards mosque in Hyderabad

മാധവി ലത

India

മുസ്‌ലിം പള്ളിക്കുനേരെ 'അമ്പെയ്ത്' വിവാദം സൃഷ്ടിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്

Web Desk
|
21 April 2024 3:37 PM GMT

ഹൈദരാബാദിൽ അസദുദ്ദീൻ ഉവൈസിക്കെതിരെ മത്സരിക്കുന്ന ചലച്ചിത്ര താരം മാധവി ലതയ്‌ക്കെതിരെയാണ് നടപടി

ഹൈദരാബാദ്: മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ മാധവി ലതയ്‌ക്കെതിരെയാണ് ബീഗം ബസാർ പൊലീസിന്റെ നടപടി. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലാണു നടപടി.

ഹൈദരാബാദ് ഫസ്റ്റ് ലാൻസർ സ്വദേശി ശൈഖ് ഇമ്രാൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ നിരന്തരം മുസ്‌ലിം വിരുദ്ധ പരാമർശങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പരാതിയിൽ പറഞ്ഞു. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്ജിദിനുനേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. ഇക്കാര്യവും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. നടപടി മുസ്‌ലിം സമുദായത്തിൽ വലിയ വേദനയും വികാരവും സൃഷ്ടിച്ചിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഐ.പി.സി 295(എ), ജനപ്രാതിനിധ്യ നിയമത്തിലെ 125 വകുപ്പുകളാണ് മാധവി ലതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ പ്രത്യക്ഷമായ അംഗവിക്ഷേപങ്ങൾ കൊണ്ടോ ബോധപൂർവം ഒരു മതവിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ലതയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും വൈകാതെ തുടർനടപടികളുണ്ടാകുമെന്നും ബീഗം ബസാർ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാമനവമി ഘോഷയാത്രയ്ക്കിടെ മാധവി ലത നടത്തിയ അംഗവിക്ഷേപങ്ങൾ വലിയ വിവാദമായിരുന്നു. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലുള്ള മസ്ജിദിനു സമീപത്തെത്തിയപ്പോൾ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു അവർ. പള്ളി രാമനവമി ഘോഷയാത്രയോടനുബന്ധിച്ചു പൂർണമായും മറച്ചിരുന്നു. അനിഷ്ടസംഭവങ്ങൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ടായിരുന്നു പള്ളി ഭാരവാഹികളുടെ നടപടി.

നടപടി വിവാദമായതോടെ ഇതു നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.

ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി മത്സരിക്കുന്നത്.

Summary: The police have booked Madhavi Latha, Hyderabad BJP Lok Sabha candidate, for hate speech against Muslim community and shooting-arrow gesture towards mosque in Hyderabad

Similar Posts