ഹരിയാനയിൽ യുവാക്കളെ കൊന്ന കേസിലെ പ്രതികളെ പിടികൂടാതെ പൊലീസ്;ബജരംഗ് ദൾ പ്രവർത്തകർക്കായി ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് തെരച്ചിൽ
|കൊല്ലപ്പെട്ടവരുടെ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന്
ഹരിയാന: രണ്ടു രാജസ്ഥാൻ യുവാക്കളെ ഹരിയാനയിൽ വെച്ച് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ നാലു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ പൊലീസ് പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ഊർജ്ജിതമാക്കിയത്. കൊല്ലപ്പെട്ട യുവാക്കളുടെ കൂടുതൽ ഫോറൻസിക് പരിശോധന ഫലങ്ങൾ ഇന്ന് ലഭിച്ചേക്കും.
രാജസ്ഥാൻ സ്വദേശികളായ നാസിർ, ജുനൈദ് എന്നിവരുടെ മരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കുടുംബം ആരോപിക്കുന്ന റിങ്കു സൈനിയെ ആണ് ഇന്നലെ ഹരിയാനയിലെ മേവത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബജരംഗ് ദൾ പ്രവർത്തകരായ അനിൽ, ശ്രീകാന്ത്, ലോകേഷ് സിംഗ്ല, മോനു മനേസർ എന്നിവർക്കൊപ്പം റിങ്കു സൈനിയും ചേർന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയത് എന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. റിങ്കുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നത് വഴി ബാക്കിയുള്ള പ്രതികളെ പറ്റി നിർണായക വിവരങ്ങൾ ലഭിച്ചേക്കും എന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ഒളിവിൽ കഴിയുന്ന പ്രതികൾ കുറ്റം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇവരെ പിടികൂടാൻ തന്നെയാണ് പൊലീസിന്റെ നീക്കം. അനധികൃത പശുക്കടത്താരോപിച്ചാണ് ബജരംഗ് ദൾ പ്രവർത്തകർ ജുനൈദിനെയും നാസറിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് ഇപ്പോഴും ഒരു നിഗമനത്തിൽ എത്തിയിട്ടില്ല. ഒളിവിൽ കഴിയവേ സമൂഹമാധ്യമത്തിൽ കുറ്റം നിഷേധിച്ചുകൊണ്ട് പ്രതികൾ പുറത്തിറക്കിയ വീഡിയോയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പിടികൂടാൻ കഴിയും എന്നാണ് പൊലീസും പ്രതീക്ഷിക്കുന്നത്. ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെയുള്ള ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് കൊലപാതകത്തിൽ ആർക്കൊക്കെ പങ്ക് ഉണ്ടെന്ന് കണ്ടെത്താൻ കഴിയും എന്നും പൊലീസ് കണക്കുകൂട്ടുന്നുണ്ട്. എന്നാൽ പ്രവർത്തകരെ തെളിവുകൾ ഇല്ലാതെ കേസിൽ കുടുക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് ബജരംഗ്ദൾ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട ഇരുവർക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജുനൈദിന്റെയും നാസറിന്റെയും ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.