India
Police dont take any action against up teacher Triptha Tyagi
India

മുസ്‌ലിം ബാലനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ ഒരു നടപടിയും എടുക്കാതെ യു.പി പൊലീസ്

Web Desk
|
20 April 2024 5:45 AM GMT

കഴിഞ്ഞ ആ​ഗസ്തിൽ നടന്ന സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാ​ഗിയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.

ന്യൂഡൽഹി: മുസ്‌ലിം ബാലനെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപികക്ക് എതിരെ ഒരു നടപടിയും എടുക്കാതെ യു.പി പൊലീസ്. കഴിഞ്ഞ ആഗസ്തിലാണ് മുസഫർനഗറിൽനാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മർദനത്തിനു ഇരയായ കുട്ടിക്ക് സർക്കാർ നൽകിവന്നിരുന്ന സഹായവും നിർത്തിയതായി കുടുംബം മീഡിയവണിനോട് പറഞ്ഞു.

വിഭജനത്തിന്റെയും വർഗീയതയുടെയും പാഠങ്ങൾ കുരുന്നു മനസുകളിൽ കുത്തിവെക്കാൻ ശ്രമിച്ച അധ്യാപിക തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യാൻ വൈകുന്ന യു.പി പൊലീസ്, ആരോടൊപ്പം എന്ന ചോദ്യമാണ് മുസഫർനഗറിലെ ഈ കുടുംബം ചോദിക്കുന്നത്. കുട്ടിയോട് മാപ്പ് പറയുന്നതായി തൃപ്ത ത്യാഗി പറഞ്ഞ വാർത്ത പത്രത്തിൽ വായിച്ചത് അല്ലാതെ, ഈ കുടുംബത്തോട് തെറ്റ് ഏറ്റുപറയാൻ അവർ തയാറായില്ല. 25 കിലോമീറ്റർ അകലെയുള്ള സ്‌കൂളിൽ പഠന സൗകര്യം യു.പി സർക്കാർ സൗജന്യമായി നൽകും എന്ന ഉറപ്പും പാഴായി. പുതിയ ക്ലാസിലേക്ക് കടന്നപ്പോൾ പാഠപുസ്തകമോ സ്‌കൂൾ യൂണിഫോമോ കൊടുത്തിട്ടില്ല.

കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയി കൊണ്ടുവരുന്നതിനു 200 രൂപ വീതം ദിവസേന നൽകാം എന്ന ഉറപ്പും സർക്കാർ മറന്നു. ഇതിനെല്ലാം വിദ്യാഭ്യാസ വകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കർഷക കുടുംബം. മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി കുട്ടിയ്ക്കുള്ള ട്യൂഷൻ ഫീസ് നൽകുന്നതാണ് ഒരാശ്വാസം. തുഷാർ ഗാന്ധിയാണ് ഈ സംഭവം പ്രത്യേക ഹരജിയിലൂടെ സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. സി.പി.എം പി.ബി അംഗം സുഭാഷിണി അലി ഇക്കഴിഞ്ഞ പെരുന്നാളിന് സൈക്കിൾ ബാലന് സമ്മാനിച്ചിരുന്നു. ട്യൂഷൻ ക്ലാസിലേക്കുള്ള വരവും പോക്കുമെല്ലാം ഈ സൈക്കിളിലാണ്. വലുതാകുമ്പോൾ സൈക്കിളിസ്റ്റാവുക എന്നതാണ് ബാലന്റെ ലക്ഷ്യം. സാമൂഹ്യപ്രവർത്തകർ ഇങ്ങനെ ചേർത്തു പിടിക്കുമ്പോഴും സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നതാണ് തീരാത്തവേദന.

Similar Posts