India
യു.പിയിൽ എലിയെ ഓടയിൽ മുക്കിക്കൊന്ന യുവാവിനെതിരെ പൊലീസ് കുറ്റപത്രം; ചുമത്തിയത് അഞ്ച് വർഷം തടവ് ലഭിക്കാവുന്ന കുറ്റം
India

യു.പിയിൽ എലിയെ ഓടയിൽ മുക്കിക്കൊന്ന യുവാവിനെതിരെ പൊലീസ് കുറ്റപത്രം; ചുമത്തിയത് അഞ്ച് വർഷം തടവ് ലഭിക്കാവുന്ന കുറ്റം

Web Desk
|
11 April 2023 4:11 PM GMT

ജില്ലയിൽ സൗകര്യമില്ലാത്തതിനാൽ പരാതിക്കാരന്റെ നിർബന്ധപ്രകാരം ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാണ് എലിയുടെ പോസ്റ്റ്മോർട്ടം ചെയ്തത്.

ലഖ്നൗ: എലിയെ അഴുക്കുചാലിൽ മുക്കിക്കൊന്നെന്ന കേസിൽ യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ച് യു.പി പൊലീസ്. ഉത്തർപ്രദേശിലെ ബുദൗണിലാണ് സംഭവം. കഴിഞ്ഞ വർഷം നവംബറിൽ എലിയുടെ വാലിൽ കല്ല് കെട്ടി അഴുക്കുചാലിൽ മുക്കി കൊന്നെന്ന പരാതിയിൽ മനോജ് കുമാറെന്നയാൾക്കെതിരെയാണ് 30 പേജുള്ള കുറ്റപത്രം പൊലീസ് ബുദൗൺ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

എലിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉത്തർപ്രദേശ് പൊലീസ് ഇയാളെ പ്രതിയാക്കി കേസെടുത്തിരുന്നു. മനോജ് കുമാറിനെതിരെ മൃഗാവകാശ പ്രവർത്തകൻ വികേന്ദ്ര ശർമയാണ് പരാതി നൽകിയത്. എലിയെ രക്ഷിക്കാൻ താൻ അഴുക്കുചാലിൽ ഇറങ്ങിയെങ്കിലും അത് പിന്നീട് ചത്തുവെന്ന് ശർമയുടെ പരാതിയിൽ പറയുന്നു. തുടർന്ന് മറ്റ് മൃഗസ്നേഹികളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി മനോജിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു.

എലിയെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ജില്ലയിൽ സൗകര്യമില്ലെന്ന് പൊലീസുകാർ ശർമയോട് പറഞ്ഞു. എന്നാൽ കർശനമായ നിയമനടപടികൾക്കായി എലിയുടെ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന നിലപാടിൽ ഇയാൾ ഉറച്ചുനിന്നു. അഭ്യർഥന മാനിച്ച്, എലിയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

എലിയുടെ കരളും ശ്വാസകോശവും നേരത്തെ തന്നെ തകരാറിലായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എലി മുങ്ങി മരിച്ചതല്ല, ശ്വാസം മുട്ടിയാണ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ പൊലീസ് മനോജിനെ അറസ്റ്റ് ചെയ്‌തെങ്കിലും അഞ്ച് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.

തുടർന്ന് കേസുമായി ബന്ധപ്പെട്ട് 30 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട്, മാധ്യമങ്ങളിൽ വന്ന വീഡിയോകൾ, ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സർക്കിൾ ഓഫീസർ (സിറ്റി) അലോക് മിശ്ര പറഞ്ഞു.

ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 11 (മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം), സെക്ഷൻ 429 (മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് രാജ്കുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കുന്ന കുറ്റപത്രത്തിൽ എലിയുടെ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നീർവീക്കമുണ്ടെന്നും കരളിൽ അണുബാധയുണ്ടെന്നും വ്യക്തമാക്കുന്നു. ഇതിനുപുറമെ എലിയുടെ സൂക്ഷ്മപരിശോധനയിലും ശ്വാസംമുട്ടിയാണ് ചത്തതെന്നും വ്യക്തമാക്കിയിരുന്നു.

നിയമവിദഗ്ധരുടെ അഭിപ്രായത്തിൽ, മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമ പ്രകാരമുള്ള കേസിൽ 10 മുതൽ 2000 രൂപ വരെ പിഴയും മൂന്ന് വർഷം തടവും നൽകാൻ വ്യവസ്ഥയുണ്ട്. 429-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും പിഴയും ലഭിക്കും.

Similar Posts