India
പൊലീസ് സാമൂഹ്യ പ്രവര്‍ത്തകരെ വേട്ടയാടുന്നു; ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്‌
India

പൊലീസ് സാമൂഹ്യ പ്രവര്‍ത്തകരെ വേട്ടയാടുന്നു; ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്‌

Web Desk
|
1 Jan 2022 12:53 AM GMT

നടപടി കാവല്‍ പദ്ധതിയുടെ പേരില്‍

ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും അമര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ പൊലീസ് സാമൂഹ്യ പ്രവര്‍ത്തകരെ വേട്ടയാടുന്നതായി ആരോപിച്ച് കൂടുതല്‍ പേര്‍ രംഗത്ത്. സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് നേരെയാണ് പൊലീസിന്റെ ഭീഷണി. ആര്‍എസ്എസ്‌ നെ വിമര്‍ശിച്ചുള്ള പോസ്റ്റുകളുടെ പേരില്‍ കര്‍ണാടകയിലുള്ളവരേയും പൊലീസ് ചോദ്യം ചെയ്തു.

ആര്‍ എസ് എസ്‌ നെ വിമര്‍ശിച്ചുള്ള പോസ്റ്റുകളുടെ പേരില്‍ കേരള,കര്‍ണ്ണാടക പൊലീസ് ചോദ്യം ചെയ്തതായി ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ചന്ദ്രമോഹന്‍ കൈതാരം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ജോലി സ്ഥലത്തെത്തി മൊബൈല്‍ ഫോണും ഇയര്‍ഫോണും പൊലീസ് കൊണ്ടു പോയി.

കേന്ദ്ര സര്‍ക്കാറിനെയും ആര്‍എസ് എസ്‌ നെയും വിമര്‍ശിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റുകളുടെ പേരില്‍ കേരളത്തില്‍ പലയിടങ്ങളിലും പൊലീസ് വെരിഫിക്കേഷന്‍ എന്ന പേരില്‍ യുവാക്കളെ പൊലീസ് വിളിപ്പിക്കുന്നുണ്ട്. മലപ്പുറം വാഴക്കാട് സ്വദേശി ദില്‍റുബ ശബ്‌നം ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ് പൊലീസ് വിളിച്ചു വരുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടാള്‍ ജാമ്യത്തില്‍ വിട്ടയച്ചു. വകുപ്പ് 153 പ്രകാരം കേസെടുത്ത പൊലീസ് ഇവരുടെ മൊബൈല്‍ഫോണും വാങ്ങിവെച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്കു പുറമെ മാധ്യമപ്രവര്‍ത്തകര്‍ കലാകാരന്‍മാര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയരാവുന്നുണ്ട്.

Related Tags :
Similar Posts