ഛത്തീസ്ഗഢിൽ വൻ മാവോയിസ്റ്റ് വേട്ട; 30 പേർ കൊല്ലപ്പെട്ടു
|സംഭവസ്ഥലത്തുനിന്ന് എകെ 47 അടക്കം കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്
റായ്പുർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ 30ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ദന്തേവാഡ ജില്ലയിലെ അബ്ജുമദിലാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിന്റെ 24 വർഷത്തെ ചരിത്രത്തിനിടയിലുണ്ടാകുന്ന ഏറ്റവും വലിയ ഓപറേഷനാണിത്.
ദന്തേവാഡയിലെയും നാരായൺപുരിലെയും ജില്ലാ റിസർവ് സേനയാണ് (ഡിആർജി) ഓപറേഷന് നേതൃത്വം നൽകിയത്. കീഴടങ്ങിയ മാവോയിസ്റ്റുകളടക്കമുള്ള പ്രത്യേക സേനയാണ് ഡിആർജി.
പ്രത്യേക ഇന്റലിജന്റ്സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദൗത്യമെന്നും പൊലീസ് പറയുന്നു. ഈ വർഷം ഏപ്രിലിൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബസ്തർ ഡിവിഷനിലെ കൻകെർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഉച്ചക്കുശേഷം ഗോവൽ, നെണ്ടൂർ, തുൾതുളി എന്നീ ഗ്രാമങ്ങൾക്ക് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടു. സംഭവസ്ഥലത്തുനിന്ന് എകെ 47 അടക്കമുള്ള തോക്കുകൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.
ഈ വർഷം ഇതുവരെ 187 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലുകളിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 47 സാധാരണക്കാരും കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുമായി അന്തിമ പോരാട്ടം ഉടനുണ്ടാകുമെന്നും അതിൽ യാതൊരു ദയയുമുണ്ടാകില്ലെന്നും കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റായ്പുരിൽ പറഞ്ഞിരുന്നു. 2026 മാർച്ചോട് കൂടി രാജ്യം ഇടതുപക്ഷ തീവ്രവാദത്തിൽനിന്ന് രാജ്യം മുക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.